പാലാ: കൊഴുവനാൽ ഗ്രാമപഞ്ചായത്ത് ഓഫീസും പരിസരങ്ങളും ഇനി കാമറകണ്ണിൽ. പഞ്ചായത്ത് ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനൊപ്പം പൊതുജന സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് കാമറകൾ സ്ഥാപിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് അറിയിച്ചു.ആദ്യഘട്ടമായി എട്ട് കാമറകളാണ് സ്ഥാപിച്ചത്. കൊഴുവനാൽ ടൗൺ ജംഗ്ഷൽ മുതൽ ബാങ്ക് ഭാഗം വരെയേ നിലവിൽ സി.സി.ടി.വി കാമറകൾ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ കാമറകൾക്കൂടി സ്ഥാപിച്ചതോടെ കുരിശുപള്ളി ജംഗ്ഷൻ വരെയുള്ള ദൃശ്യങ്ങൾ മിഴിവോടെ ലഭ്യമാകും. പാലാ പൊലീസിന്റെ കൂടി അഭ്യർത്ഥന മാനിച്ചാണ് കാമറകൾ സ്ഥാപിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കാമറകളുടെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബി. രാജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാത്യു തോമസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സ്മിതാ വിനോദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ രമ്യ രാജേഷ്, മെമ്പർമാരായ ആലീസ് ജോയി, ആനീസ് കുര്യൻ, മഞ്ജു ദിലീപ്, അഡ്വ. ജി.അനീഷ്, കെ.ആർ. ഗോപി, പി.സി. ജോസഫ്, മെർളി ജെയിംസ്, ലീലാമ്മ ബിജു, പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ് എന്നിവർ സംസാരിച്ചു.