അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ ചീയപ്പാറക്ക് സമീപം പാതയോരമിടിഞ്ഞ് ചരക്ക് ലോറി അപകടത്തിൽപ്പെട്ടു.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.തമിഴ്‌നാട്ടിൽ നിന്നും ചരക്കുമായെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.പാതയോരമിടിഞ്ഞെങ്കിലും ലോറി മൺതിട്ടയിൽ തങ്ങി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.ദേശിയപാതയുടെ ഭാഗമായ ഇവിടെ റോഡിന് നന്നെ വീതി കുറവാണ്.പാതയോരമിടിഞ്ഞതോടെ ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് നിരങ്ങിനീങ്ങിയെങ്കിലും മൺതിട്ടയിൽ തങ്ങിനിന്നതോടെ വാഹനം തഴേക്ക് പതിക്കുന്നത് ഒഴിവായി.ദേശിയപാതയുടെ വിവിധ ഇടങ്ങളിൽ വീതി വർധിപ്പിക്കൽ നടന്നിട്ടുണ്ടെങ്കിലും ചീയപ്പാറക്ക് സമീപമുള്ള ഈ ഭാഗത്തിപ്പോഴും ഇടുങ്ങിയ റോഡാണുള്ളത്.തലനാരിഴക്കാണ് പലപ്പോഴുമിവിടെ അപകടം ഒഴിവായി പോകുന്നത്.ദേശിയപാതയിൽ തിരക്കേറുന്നതോടെ വീതികുറവ് ഗതാഗതകുരുക്കിനും ഇടവരുത്തുന്നു.പ്രദേശത്ത് റോഡ് വികസനം സാധ്യമാക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് പാതയോരമിടിഞ്ഞ് ലോറി ഇന്നലെ അപകടത്തിൽപ്പെട്ടത്.