പാലാ: ഭരണസമിതി ഇല്ലാതായ പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന മീനച്ചിൽ റബർ മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ ഏർപ്പെടുത്തായിരുന്ന അഡ്മിനിസ്‌ട്രേറ്റർ ഭരണം സഹകരണ വകുപ്പ് പിൻവലിച്ചു. മൂന്ന് അംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ച് കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു.
കേരള കോൺ.(എം) കോട്ടയം ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പിൽ (കിടങ്ങൂർ) കൺവീനറായാണ് പുതിയ കമ്മിറ്റി.
ഏഴാച്ചേരി സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് അലക്‌സി തെങ്ങും പള്ളികുന്നേൽ, സി.പി.എം നേതാവ് ആർ.ടി.മധുസൂധനൻ എന്നിവരാണ് മറ്റ് അംഗങ്ങൾ: ഇവർ ഈ ആഴ്ച ചുമതല ഏൽക്കും.
പ്രവർത്തനം മന്ദീഭവിച്ച സംഘം പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.പാലാ കരൂരിൽ ലാറ്റക്‌സ് ഫാക്ടറിയും, കിടങ്ങൂർ കൂടല്ലൂരിൽക്രംബ് റബ്ബർ ഫാക്ടറിയും സൊസൈറ്റിക്കുണ്ട്. ഇപ്പോൾ ക്രംബ് ഫാക്ടറി മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്.