വൈക്കം : നിർദ്ധന കുടുംബങ്ങളിൽ രോഗികളായി കഴിയുന്നവർക്ക് ചികിത്സാസഹായവുമായി ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികൾ എത്തി. സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചികിത്സാ സഹായ പദ്ധതി ആവിഷ്‌കരിച്ചത്. മറവൻതുരുത്ത് പഞ്ചായത്തിലെ കോവിലകത്ത് വീട്ടിൽ ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന ജയാ സുധീരന് ചികിത്സാസഹായം നല്കി. മറവൻതുരുത്ത് 648ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ അംഗമാണ് ജയ. ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൾ എ. ജ്യോതിയും പ്രോഗ്രാം ഓഫീസർ മഞ്ചു എസ് നായരും ചേർന്ന് തുക കൈമാറി. പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, അദ്ധ്യാപകരായ ഇ.പി ബീന, സി.എസ് ബിജി, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി എം.സി സുകുമാരൻ, പ്രസിഡന്റ് ഷാജി കാട്ടിത്തറ, വൈസ് പ്രസിഡന്റ് എം.സി അശോകൻ എന്നിവർ പങ്കെടുത്തു.