കണമല: പട്ടയങ്ങൾ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് കോടതിയെ ആശ്രയിച്ച പമ്പാവാലിയിലെ കർഷകർക്ക് നീതി സാധ്യമാകുന്നു. ഭൂമിയുടെ കരം റവന്യു വകുപ്പ് സ്വീകരിച്ച് രസീത് നൽകണമെന്ന ഹൈക്കോടതി വിധിയെ തുടർന്ന് നടപടികൾ സ്വീകരിക്കാൻ റവന്യു വകുപ്പ് നിർബന്ധിതമായിരിക്കുകയാണ്.
പൊതുപ്രവർത്തകരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായ പി.ജെ. സെബാസ്റ്റ്യൻ, സിബി സെബാസ്റ്റ്യൻ കൊറ്റനെല്ലൂർ, ജോസഫ് പുതിയത്ത്, ജോസ് താഴത്തുപീടിക, റോയ് പി. ആന്റോ എന്നിവർ കോടതിയിൽ നൽകിയ ഹർജിയിലാണ് കർഷകരുടെ ആവശ്യം ശരിവച്ച് കോടതി അന്തിമവിധി നൽകിയത്. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നാണ് ഇതോടെ ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
കരം സ്വീകരിക്കുന്നതിന് റവന്യു വകുപ്പിന്റെ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തേണ്ടതുണ്ട്. അതേസമയം ഇതല്ലാതെ കരം സ്വീകരിച്ച് എഴുതി രസീത് നൽകാനുമാകും. ആയിരത്തിൽപ്പരം കർഷക കുടുംബങ്ങളാണ് പട്ടയം അസാധുവായതിനെത്തുടർന്ന് കരം അടയ്ക്കാനാവാതെ ദുരിതം നേരിട്ടിരിക്കുന്നത്. പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളിലെ ആളുകളുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു കരം സ്വീകരിക്കൽ. കോടതിയിൽ നിന്നുള്ള ഇടക്കാല ഉത്തരവിനെ തുടർന്ന് സർവേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ പമ്പാവാലിയിലെത്തി തെളിവെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനൊടുവിലാണ് ഇപ്പോൾ അന്തിമവിധി സിംഗിൾ ബഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്.