പാലാ: കർക്കിടക സന്ധ്യയിൽ രാമായണം പൂർണമായും വായിച്ചുതീർക്കാൻ മീനാക്ഷിമുത്തശ്ശിയില്ല. കഴിഞ്ഞവർഷം വരെ കർക്കിടകമാസത്തിൽ മീനാക്ഷിമുത്തശ്ശി രാമായണം നാലു തവണയാണ് പൂർണമായും വായിച്ചുതീർത്തത്. ഇത് കഴിഞ്ഞവർഷത്തെ മാത്രം കഥയല്ല ; കഴിഞ്ഞ 86 വർഷമായി കർക്കിടക മാസത്തിൽ മീനാക്ഷിയമ്മ തുടർന്നുവന്ന പുണ്യമായിരുന്നിത്. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളാൽ കഴിഞ്ഞ ഒരാഴ്ചയായി കിടപ്പിലായിരുന്ന പാലാ വെള്ളാപ്പാട് പതുപ്പള്ളിൽ മീനാക്ഷിയമ്മ (99) വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. പ്രായത്തിന്റെ പങ്കപ്പാടുകൾ ഉണ്ടായിരുന്നപ്പോഴും കഴിഞ്ഞവർഷം വരെ പുലർച്ചെ 5 ന് എഴുന്നേറ്റുള്ള കുളിയും പ്രഭാത പ്രാർത്ഥനയും മീനാക്ഷിയമ്മയ്ക്ക് നിർബന്ധമായിരുന്നു. തുടർന്ന് കേരള കൗമുദി ഉൾപ്പെടെ രണ്ട് പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കും. കർക്കിടകമാസം ഒന്നുമുതൽ രാമായണ പാരായണംകൂടി ആരംഭിക്കും. പതിമൂന്നാം വയസിലാണ് മീനാക്ഷിയമ്മ ആദ്യമായി രാമായണം വായിച്ചു തുടങ്ങിയത്. തുടർന്ന് എല്ലാവർഷവും ഇതൊരു ചിട്ടയായി. ഈ മുത്തശ്ശിയോടൊപ്പം അടുത്തകാലംവരെ മക്കളും കൊച്ചുമക്കളുമൊക്കെ പാരായണത്തിൽ പങ്കുചേർന്നിരുന്നു.
മുനിസിഫ് കോടതി ജീവനക്കാരനായിരുന്ന ഭർത്താവ് ഗോപാലൻ വർഷങ്ങൾക്ക് മുമ്പേ മരിച്ചു. മകൻ എസ്.ബി.ടി റിട്ട. ഓഫീസറും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ മുൻ പ്രസിഡന്റും നിലവിൽ പാലാ ടൗൺ ശാഖാ പ്രസിഡന്റുമായ പി.ജി. അനിൽകുമാറിനും ഭാര്യ റിട്ട. തഹസിൽദാർ ബീന അനിൽകുമാറിനുമൊപ്പമായിരുന്നു മീനാക്ഷിയമ്മയുടെ താമസം. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളല്ലാതെ മറ്റ് രോഗങ്ങളൊന്നും മീനാക്ഷിയമ്മയെ അലട്ടിയിരുന്നില്ല.
മീനാക്ഷിയമ്മയുടെ നിര്യാണത്തിൽ ജോസ് കെ.മാണി എം.പി., മാണി സി.കാപ്പൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ നേതാക്കളായ എം.ബി ശ്രീകുമാർ, എം.പി സെൻ, പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ. സതീശ് ചൊള്ളാനി തുടങ്ങിയവർ അനുശോചിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
രാമായണം പാരായണം ചെയ്യുന്ന പാലാ പതിപ്പള്ളിൽ മീനാക്ഷിയമ്മ (ഫയൽ ചിത്രം)