രാജാക്കാട് : രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ കൗമാര പെൺകുട്ടികൾക്കുള്ള പോഷകാഹാര പദ്ധതി നിലച്ചിട്ട് 6 മാസം.കഴിഞ്ഞ ജൂലായ് വരെയാണ് പദ്ധതി പ്രകാരമുളള ഭക്ഷ്യ വസ്തുക്കൾ ലഭിച്ചത്.റാഗിപ്പൊടി,ശർക്കര ചില അവസരങ്ങളിൽ നിലക്കടല ഇവയെല്ലാമാണ് അംഗൻവാടികൾ വഴി വിതരണം ചെയ്യുന്നത്.14 മുതൽ 18 വയസ്സുവരെയുളള പെൺകുട്ടികൾക്കാണ് ഇവ വിതരണം ചെയ്യുന്നത്.രാജകുമാരി ഐ.സി ഡി .എസ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന 44 അംഗൻവാടികളിൽ രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ 22 അംഗൻവാടികളിലാണ് പോഷാകാഹാര വിതരണം തടസ്സപ്പെട്ടത് രാജകുമാരി പഞ്ചായത്തിലെ
എല്ലാ അംഗൻവാടികളിലും കഴിഞ്ഞ മാസം വരെ മുടക്കമില്ലാതെ വിതരണം ചെയ്തപ്പോഴാണ് ഫണ്ട് ലഭ്യമാക്കാത്തതിനാൽ രാജാക്കാട് പഞ്ചായത്തിൽ പദ്ധതി മുടങ്ങിയത്. റേഷൻ കടകൾ വഴിയുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് നിർത്തലാക്കുകയും,സ്‌കൂളുകളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ലഭിക്കാത്ത സമയത്ത് ഏറെ പ്രയോജനകരമായിരുന്ന പദ്ധതിയാണ് ഫണ്ടില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് നിർത്തി വച്ചത്.