urul

കോട്ടയം : ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും പാറമടകൾ അനുവദിക്കരുതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ട്. ഉരുൾപൊട്ടിയ മേഖലകളിലെ മുകൾഭാഗത്തുനിന്ന് ഇനിയും മലയും പാറകളും ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും ഉണ്ടായാൽ തന്നെ ജീവഹാനിയും നാശനഷ്ടങ്ങളും ഏറ്റവും കുറയ്ക്കാനും ആവശ്യമായ നയങ്ങളും ഹ്രസ്വകാല ദീർഘകാല നടപടികളും നിർദ്ദേശിക്കുന്ന വിശദമായ റിപ്പോർട്ട് പ്രകാശനം ചെയ്തു. പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സെന്റർ ഫോർ നാച്വറൽ റിസോഴ്‌സ് മാനേജ്‌മെന്റ്, ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാക്കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പഠനം. വീട് നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരം ലഭിച്ചവർ അതേ സ്ഥലത്തുതന്നെ വീണ്ടും വീടു പണിയുന്നത് നിരുത്സാഹപ്പെടുത്തണം. കഴിയുന്നതും ഭൂമിയുടെ ഉപരിതലത്തിന് യോജിച്ച രീതിയിൽ പ്രത്യേകമായി രൂപകല്പന ചെയ്ത കെട്ടിടങ്ങളാവണം ഇനി പണിയേണ്ടത്. ഇക്കാര്യത്തിൽ മാർഗനിർദ്ദേശം നൽകാനായി ഒരു ജിയോളജിസ്റ്റും ജിയോടെക്‌നിക്കൽ എൻജിനിയറും അടങ്ങുന്ന ടീമിനെ ജില്ലാതലത്തിൽ സ്ഥിരമായി നിലനിറുത്തണം. ഇത്തരം പ്രദേശങ്ങളിലെ പുനർനിർമ്മാണ വികസനനയങ്ങൾ തീരുമാനിക്കുന്നത് നീർത്തടാസ്ഥാനത്തിലാകണം. നിലവിലെ പഞ്ചായത്ത്, ജില്ലാ വേർതിരിവുകൾ ഇല്ലാതെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അധികാരമുള്ള സ്‌പെഷ്യൽ ഓഫീസറെ നിയോഗിക്കണം. മഴക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന നീർച്ചാലുകളുമായി ബന്ധപ്പെട്ടാണ് എല്ലാ ഉരുൾപൊട്ടലുകളും ഉണ്ടായിട്ടുള്ളതെന്നും റിപ്പോർട്ട് പറയുന്നു.

മറ്റ് നിർദേശങ്ങൾ

പുഴകളിൽ വന്നടിഞ്ഞിട്ടുള്ള മണലും പാറകളും പുനരുപയോഗിക്കണം

 പുഴയുടെ ആഴം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണം

 റെയിൻ ഗേജ് സ്റ്റേഷനുകൾ സ്ഥാപിക്കണം

 മൾട്ടിപർപ്പസ് ഷെൽട്ടറുകളും നിർമ്മിക്കണം

 ജില്ലയിൽ ഉരുൾപൊട്ടൽ സാദ്ധ്യത കൂടിയ വില്ലേജുകൾ

കൊണ്ടൂർ, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ വടക്കേക്കര, പൂഞ്ഞാർ നടുഭാഗം, തീക്കോയി, മൂന്നിലവ്, മേലുകാവ്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി നോർത്ത്, എരുമേലി സൗത്ത് എന്നിവയാണ്. വെമ്പാല, പൂവഞ്ചി, പ്ലാപ്പള്ളി