ചിറക്കടവ്: പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ കുടുംബം ചിറക്കടവ് ഗ്രാമദീപം വായനശാലയിലെത്തി. അദ്ദേഹത്തിന്റെ ഭാര്യ ഭാരതി തമ്പുരാട്ടിയും മകൾ യമുനയും മകളുടെ ഭർത്താവ് പ്രസാദ് വർമ്മയുമാണ് എത്തിയത്. 25 കാരനായ വയലാർ രാമവർമ്മ 1953ൽ ചിറക്കടവിലെത്തി വായനശാലയുടെ ഉദ്ഘാടനം നിർവഹിച്ചതാണ്. ഗ്രാമദീപം എന്ന വായനശാലയുടെ പേരിലൂടെ ഇന്ന് ഈ പ്രദേശം ഗ്രാമദീപം എന്നാണറിയപ്പെടുന്നത്. വയലാറിന്റെ കൈപ്പട പതിഞ്ഞ സന്ദർശക ഡയറിയും വായനശാലയും നേരിട്ടു കാണാനാണ് പത്‌നി ഭാരതി തമ്പുരാട്ടി കുടുംബാംഗങ്ങൾക്കൊപ്പമെത്തിയത്.

വയലാറിന്റെ കുടുംബാംഗങ്ങളെ സ്വീകരിക്കാൻ വയലാറിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ പാടിയ സംഗീതജ്ഞനുമായ കെ.പി.എ.സി.രവിയും എത്തിയപ്പോൾ വായനശാല പ്രവർത്തകർക്ക് അഭിമാന നിമിഷം. ലൈബ്രറി പ്രസിഡന്റ് കെ.എസ്.രാജൻ പിള്ളയും സെക്രട്ടറി പി.എൻ.സോജനും ജോ.സെക്രട്ടറി ടി.പി.ശ്രീലാലും കമ്മറ്റി അംഗങ്ങളും വനിതാവേദി, യുവജനവേദി, ബാലവേദി പ്രവർത്തകരും ചേർന്ന് പൂച്ചെണ്ടും മധുരവും നൽകി സ്വീകരിച്ചു. രണ്ടു മണിക്കൂറോളം വായനശാല ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.