കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധശല്യം

പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധശല്യവും മയക്കുമരുന്ന് മദ്യപസംഘങ്ങളുടെ അഴിഞ്ഞാട്ടവും പതിവാകുന്നു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളും ബസ് ടെർമനലിലെ മുകൾ നിലയിലേക്ക് കയറി പ്രണയചേഷ്ടകൾ നടത്തുകയും പലപ്പോഴും അത് അതിരുവിടുകയും ചെയ്യുന്നുണ്ടെന്ന് സ്റ്റാൻഡിലെ വ്യാപാരികൾ ഒന്നടങ്കം ആരോപിക്കുന്നു. ബസ് ടെർമിനലിന്റെ മുകൾ നിലയിലേക്ക് ആർക്കും കയറിചെല്ലാവുന്ന നിലയിലാണ്. ഏറ്റവും മുകൾഭാഗത്തുള്ള രണ്ട് ഷട്ടറുകൾ തുറന്ന് കിടക്കുകയാണ്. ഇതുവഴി ടെർമിനലിന്റെ മേൽക്കൂരയിലെത്താം. ഇവിടെ നിന്നാൽ പെട്ടന്ന് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള നോട്ടം എത്തുകയുമില്ല. ഇതും സാമൂഹ്യവിരുദ്ധർക്ക് സൗകര്യമാകുന്നു.

മേൽക്കൂരയിൽ മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പികളും പ്ലാസ്റ്റിക് ഗ്ലാസുകളും ചിതറിക്കിടക്കുകയാണ്.


ഒരു പോലീസ് പോലും ഇല്ലാത്ത ബസ് സ്റ്റാൻഡ് !

പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൊലീസ് തന്നെ ഇക്കാര്യം നഗരസഭ അധികാരികളോട് പലവതവണ ആവശ്യപ്പെട്ടിരുന്നു.

ഒന്നരവർഷം മുമ്പ് കൊട്ടാരമറ്റം ബസ് ടെർമിനലിൽ പൊലീസ് എയ്ഡ് പോസ്റ്റിനും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുമായി എയ്ഡ് പോസ്റ്റ് അനുവദിച്ചുകൊണ്ട് പാലാ നഗരസഭ കൗൺസിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ ബസുടമകളുടെ അസോസിയേഷന് ഓഫീസ് നിർമ്മിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്ത നഗരസഭ അധികാരികൾ പൊലീസ് എയ്ഡ് പോസ്റ്റിന്റെ കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കയറിയിരിക്കാനൊരു സ്ഥലം പോലും ഇല്ലാത്തതിനാൽ പൊലീസുകാരെ ഇവിടേയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുമില്ല. നിയമപാലകരില്ലാത്തത് സാമൂഹ്യവിരുദ്ധർക്ക് തണലാവുകയാണ്.

ഫോട്ടോ അടിക്കുറിപ്പ്:

പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിന്റെ മുകൾ നിലയിൽ കിടക്കാൻ സൗകര്യത്തിന് കാർഡ് ബോർഡും പേപ്പറുകളും വിരിച്ചിരിക്കുന്നു. മറ്റൊരു ഭാഗത്ത് ചിതറിക്കിടക്കുന്ന ഒഴിഞ്ഞ മദ്യക്കുപ്പികളും ഗ്ലാസും കാണാം.