franco-mulakkal

കോട്ടയം: ഇരയുടെ മൊഴി നിസാരകാര്യങ്ങൾ പർവതീകരിച്ചാണ് വിശ്വാസ്യയോഗ്യമല്ലെന്ന് വിചാരണ കോടതി കണ്ടെത്തിയതെന്നും അതിനാൽ ബിഷപ്പ് ഫ്രാങ്കോ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്നും പൊലീസിന് നിയമോപദേശം. റിപ്പോർട്ട് സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ.ബാബു ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് കൈമാറി.

മഠത്തിനും കന്യാസ്ത്രീകൾക്കുംമേൽ പ്രതിക്കുള്ള അധികാരം കോടതി അംഗീകരിച്ചതാണ്. പീഡനം നടന്ന ദിവസങ്ങളിൽ ഫ്രാങ്കോ മഠത്തിൽ താമസിച്ചെന്ന് തെളിയിച്ചിട്ടും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ച് ഇരയുടെ മൊഴി വിശ്വസനീയമല്ലെന്ന കണ്ടെത്തൽ 2013ലെ നിർഭയ കേസിന് ശേഷം ബലാത്സംഗ നിയമഭേദഗതിയിലെ നിയമത്തിന് എതിരാണ്. മോശക്കാരിയാണെന്ന് ചിത്രീകരിക്കാൻ ഇരയുടെ ബന്ധുവിന്റെ പരാതി കോടതി മുഖവിലയ്ക്കെടുത്തു. എന്നാൽ, പരാതി നൽകാനുള്ള സാഹചര്യം ബോദ്ധ്യപ്പെടുത്തി സാക്ഷി നേരിട്ട് കന്യാസ്ത്രീയ്ക്ക് അനുകൂലമായി കോടതിയിൽ നൽകിയ മൊഴി തള്ളിക്കളഞ്ഞു. ഡോക്ടറുടെ മൊഴിയും കോടതി കാര്യമായെടുത്തില്ല. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ തള്ളിയത് നിലനിൽക്കാത്ത സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നും ഇരുപതോളം പേജുള്ള നിയമോപദേശ റിപ്പോർട്ടിൽ പറയുന്നു.

 രണ്ട് അപ്പീലുകൾ

ഡി.ജി.പിയ്ക്ക് കൈമാറിയ നിയമോപദേശം സർക്കാരിന്റെ മുന്നിലെത്തും. സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് അഡ്വക്കേറ്റ് ജനറൽ ഓഫീസ് മുഖേന ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഇരയായ കന്യാസ്ത്രീ സംഘടനകളുടെ സഹായത്തോടെ സ്വന്തം നിലയിൽ അഭിഭാഷകനായ ജോൺ എസ്.റാഫ് മുഖേന മറ്റൊരു അപ്പീലും നൽകും. രണ്ട് അപ്പീലുകളും ഹൈക്കോടതി ഒരുമിച്ചായിരിക്കും പരിഗണിക്കുന്നത്.