വൈക്കം: വാഹനാപകടങ്ങൾ പതിവാകുന്ന ഇടയാഴം വെച്ചൂർ റോഡിലെ കൊടുതുരുത്ത് മുതൽ തോട്ടാപ്പള്ളിവരെയുള്ള ഒന്നര കിലോമീറ്റർ ദൂരം ഇനി കാമറ നിരീക്ഷണത്തിൽ. വീതി കുറഞ്ഞ തിരക്കേറിയ റോഡിൽ വാഹന അപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു. രാത്രികാലങ്ങളിൽ ടാങ്കറിൽ എത്തിക്കുന്ന കക്കൂസ് മാലിന്യം പ്രദേശത്തെ പാടശേഖരത്തിലും ജലാശയങ്ങളിലും തള്ളുന്നതും പതിവാണ്. ഗതാഗത സുരക്ഷയ്ക്കും മാലിന്യ പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് വെച്ചൂർ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് 20 കാമറകൾ സ്ഥാപിച്ചത്. കാമറ ദൃശ്യങ്ങൾ പഞ്ചായത്ത് ഓഫിസിൽ സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനിൽ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ പറഞ്ഞു.