ടി.ആര്‍ ആന്റ് ടി കമ്പനി റബര്‍ എസ്റ്റേറ്റില്‍ പുലിയിറങ്ങി

മുണ്ടക്കയം ഈസ്റ്റ്: കാട്ടാനയ്ക്കും രാജവെമ്പാലയ്ക്കും പിന്നാലെ പെരുവന്താനം, ടി.ആര്‍ ആന്റ് ടി കമ്പനി റബര്‍ എസ്റ്റേറ്റില്‍ പുലിയിറങ്ങി. ചെന്നാപ്പാറ ടോപ്പ് റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളികളാണ് ഇന്നലെ രാവിലെ 7.30 ഓടെ പുലിയെ കണ്ടത്. ഓംകാരത്തില്‍ മോഹനന്‍ ടാപ്പിംഗ് ജോലി ചെയ്തു വരുന്നതിനിടെയാണ് പുലിയെ കണ്ടത്. റബര്‍ തോട്ടത്തിൽ കൈതോട്ടിനോടു ചേർന്നുള്ള പാറപ്പുറത്തുകിടന്ന പുലി എഴുന്നേറ്റതോടെ മോഹനന്‍ നിലവിളിച്ച് ഓടുകയായിരുന്നു. സമീപത്ത് ടാപ്പിംഗ് ജോലി ചെയ്തിരുന്ന വിജയമ്മയെയും പുലിയെ കണ്ട വിവരം അറിയിച്ചു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകളും സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പശു, നായ എന്നിവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് പുലി പിടിച്ചതാണന്നു കരുതുന്നു. തൊഴിലാളികള്‍ കണ്ടത് പുലിയെ തന്നെയാണെന്ന് വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. നാലുദിവസം മുമ്പു ജനവാസ കേന്ദ്രത്തില്‍ രാജവെമ്പാലയെ കണ്ടെത്തിയിരുന്നു. ഇതിനെ പിന്നീട് വനപാലകരെത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം പ്രദേശത്ത് കാട്ടാനകൂട്ടവും എത്തിയിരുന്നു.

പുലിയെ പിടികൂടും

റബര്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തി ശബരിമല വനമാണ്. ഇവിടെ നിന്നാണ് പുലി എത്തിയതെന്നാണ് കരുതുന്നത്. മേഖലയില്‍ കാമറ സ്ഥാപിക്കുമെന്നും പുലിയുടെ സാന്നിധ്യം കണ്ടത്തി പിടികൂടാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍.ജി.ജയകുമാര്‍ അറിയിച്ചു.