 
അടിമാലി: ടൗണിലെ കാമറകൾ മിഴി തുറന്നതിന് പിന്നാലെ ലോട്ടറി തട്ടിപ്പ് കാരൻ പിടിയിലായി. അടിമാലിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന്റെ നടപടികൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. പരീക്ഷണ പ്രവർത്തനങ്ങൾ നടക്കവേയാണ് ലോട്ടറി തട്ടിപ്പുകാരൻ കാമറയിൽ കുടങ്ങിയത്. ഈ മാസം 28ന് കാമറകളുടെ പ്രവർത്തന ഉദ്ഘാടനം നടത്തുമെന്ന് അടിമാലി സി.ഐ കെ. സുധീർ പറഞ്ഞു. 15 ലക്ഷം രൂപ ചിലവിൽ 32 കാമറകളാണ് ടൗണിൽ സ്ഥാപിക്കുന്നത്. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ അമ്പലപ്പടി മുതൽ ഗവ. ഹൈസ്‌കൂൾ വരെയും അടിമാലി കുമളി ദേശീയപാതയിൽ പാൽക്കോ പെട്രോൾ പമ്പു വരേയുമാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അടിമാലി മർച്ചന്റ് അസോസിയേഷൻ, ഗ്രാമ പഞ്ചായത്ത്, ജനമൈത്രി പൊലീസ്, എന്നിവരുടെ നേതൃത്വത്തിലാണ് കാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനം നടന്നു വരുന്നത്. ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള കൺട്രോൾ റൂമിൽ നിന്ന് കാമറകളുടെ പ്രവർത്തനം നിയന്ത്രിക്കാവുന്നതാണ്. ടൗണിൽ നടക്കുന്ന ട്രാഫിക് ലംഘനങ്ങളും കുറ്റകൃത്യങ്ങളും ഇതുവഴി കണ്ടെത്താൻ കഴിയുന്ന തരത്തിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്.