കാഞ്ഞിരപ്പള്ളി : ശബരിമല തീർത്ഥാടകരുടെ സംഗമസ്ഥാനമായ എരുമേലിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യം പരിഗണനയിൽ. എരുമേലി ഗ്രാമപഞ്ചായത്തിലും കാളകെട്ടി വഴിയുള്ള കാനനപാതയിലൂടെ സഞ്ചരിക്കുന്ന അയ്യപ്പ ഭക്തർക്കും മല കയറുന്നവർക്കും ഹൃദയാഘാതം മുതലായ അസുഖങ്ങൾ ഉണ്ടായാൽ കോട്ടയം മെഡിക്കൽ കോളേജിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഇതുമൂലം ശബരിമല ഭക്തരും തദ്ദേശവാസികളും ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി എരുമേലിയിൽ അനുവദിക്കണമെന്ന് പല തവണ ആവശ്യമുയർന്നു. നിർദ്ദിഷ്ട എരുമേലി എയർപോർട്ടിനോട് ചേർന്നുള്ള സർക്കാർ ഭൂമിയിൽ ആശുപത്രി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനും സ്ഥലം എം.എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിനും പമ്പാവാലി സ്വദേശിയും പൊതുപ്രവർത്തകനുമായ ബിനു നിരപ്പേൽ നൽകിയ നിവേദനത്തിന്റെ ഫലമായി എരുമേലി സാമൂഹ്യ കേന്ദ്രം സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡി.എം.ഒയെ ചുമതലപ്പെടുത്തി.