nh-raod
ചിത്രം: ബാരിക്കേഡ് തകര്‍ന്ന് കിടക്കുന്ന ഭാഗം

അടിമാലി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ അപകട സാധ്യത കുറയ്ക്കാനായി പാതയോരങ്ങളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പലയിടങ്ങളിലും തകർന്ന നിലയിൽ. വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യമുണ്ടായാൽ പാതയോരത്തു തന്നെ തങ്ങി നിൽക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നാളുകൾക്ക് മുമ്പ് പാത കടന്നു പോകുന്ന കൊടുംവളവുകളിലും കൊക്കയോട് ചേർന്ന ഭാഗങ്ങളിലുമൊക്കെ ബാരിക്കേഡുകൾ സ്ഥാപിച്ചത്. ദേശിയപാത വികസനം നടത്തിയതോടെ അപകട സാധ്യത നിലനിന്നിരുന്ന ചിലയിടങ്ങളിൽ പാതയുടെ വീതി വർദ്ധിപ്പിക്കുകയും സംരക്ഷണ ഭിത്തി തീർക്കുകയും ചെയ്തു. റോഡ് വികസനം സാധ്യമാക്കാത്ത ചിലയിടങ്ങളിൽ ഇനിയും അപകട സാധ്യത നിലനിൽക്കുന്നുണ്ട്. സുരക്ഷ ഒരുക്കാനായി ചിലയിടങ്ങളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർന്ന നിലയിലാണ്. അവ പാതയോരത്ത് പുനഃസ്ഥാപിക്കാൻ നടപടി വേണമെന്നാണ് ആവശ്യം. വനമേഖലയിൽ പലയിടങ്ങളിലും പാതയുടെ വീതി വർദ്ധിപ്പിക്കൽ നടത്തിയിട്ടുണ്ടെങ്കിലും അപകട സാധ്യതയേറിയ കൊടുംവളവുകളിലും ചില ഇടുങ്ങിയ ഭാഗങ്ങളിലുമൊക്കെ ഇനിയും വികസനപ്രവർത്തനങ്ങൾ നടത്തേണ്ടതായുണ്ട്. ഇവിടങ്ങളിലൊക്കെയും മുമ്പ് സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ തന്നെയാണ് സുരക്ഷ ഒരുക്കുന്നത്. വഴി പരിചിതമല്ലാതെയെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരവാഹനങ്ങളടക്കം കടന്നു പോകുന്ന പാതയെന്ന നിലയിൽ ചിലയിടങ്ങളിൽ തകർന്ന് കിടക്കുന്ന ബാരിക്കേഡുകൾ യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.