നഗരസഭാ കൗൺസിലറോട് കരാറുകാരന്റെ ധിക്കാരം നിറഞ്ഞ മറുപടി

പാലാ: കൗൺസിൽ യോഗത്തിന് പുല്ലുവില; പാലായിൽ കാര്യങ്ങൾ കരാറുകാരൻ തീരുമാനിക്കും, ചുരുങ്ങിയത് വഴിവിളക്കുകളുടെ കാര്യത്തിലെങ്കിലും !

നഗരത്തിലെ വഴിവിളക്കുകൾ നന്നാക്കാൻ എപ്പോൾ വേണമെങ്കിലും കരാറുകാരനെ വിളിക്കാമെന്ന് നഗരസഭ ചെയർമാൻ; ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല, സൗകര്യമുളളപ്പോൾ വന്ന് നന്നാക്കുമെന്ന് കൗൺസിലർമാരോട് കരാറുകാരന്റെ ധിക്കാരം നിറഞ്ഞ മറുപടി!

നഗരത്തിലെ തെളിയാത്ത വഴിവിളക്കുകൾ നന്നാക്കാൻ എം.എസ് രാജു എന്നയാൾ കരാറെടുത്തിട്ടുണ്ടെന്നും വാർഡുകളിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട തകരാറുകൾക്ക് രാജുവിനെ ധൈര്യമായി വിളിക്കാമെന്നും ചെയർമാൻ കൗൺസിലർമാരോടും കൗൺസിൽ യോഗത്തിലും ആവർത്തിച്ച് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് കൗൺസിൽ യോഗത്തിന്റെ മിനിട്‌സിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ചെയർമാന്റെ വാക്കുകേട്ട് കരാറുകാരനെ വിളിച്ച തനിക്ക് ദുരനുഭവമാണ് ഉണ്ടായതെന്ന് മൂന്നാനി വാർഡ് കൗൺസിലർ സിജി ടോണി പരാതിപ്പെടുന്നു. വഴിവിളക്ക് നന്നാക്കുന്നതിനായി കരാറുകാരനെ വിളിച്ചപ്പോൾ എപ്പോഴും ഇങ്ങനെ വിളിക്കേണ്ടതില്ല, സമയം കിട്ടുമ്പോൾ വന്ന് നന്നാക്കും, ഇത്തവണ വഴിവിളക്കുകൾ നന്നാക്കിയാലും തുക കുറവേ കിട്ടുകയുള്ളൂവെന്നും ഇത് പണിക്കൂലിക്ക് പോലും തികയുകയില്ലെന്നുമായിരുന്നു കരാറുകാരന്റെ മറുപടിയെന്ന് സിജി ടോണി പറഞ്ഞു. ഇതുസംബന്ധിച്ച് കരാറുകാരനുമായി നടത്തിയ ഫോൺ സംഭാഷണവും തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും മാധ്യമങ്ങൾക്കും വാട്‌സാപ്പിലൂടെ സിജി ടോണി അയച്ചുകൊടുക്കുകയും ചെയ്തു.

കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും നല്ല നിലയിൽ വഴിവിളക്കുകൾ തെളിച്ചിരുന്നവർതന്നെയാണ് നിലവിൽ കരാർ എടുത്തിട്ടുള്ളതെങ്കിലും എഗ്രിമെന്റിൽ വഴിവിളക്ക് നന്നാക്കുന്നതിന് നാമമാത്രമായ തുകയേ ഉൾക്കൊളളിച്ചിട്ടുള്ളൂ എന്നതാണ് കരാറുകാരനെയും ചൊടിപ്പിച്ചതെന്ന് അറിയുന്നു. തങ്ങളെക്കൊണ്ട് ചെയർമാൻ നിർബന്ധിച്ച് കരാറെടുപ്പിച്ചതാണെന്നും കരാറുകാരൻ സിജിയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

സമരം നടത്തും

പാലാ: വഴിവിളക്കുകൾ തെളിയാത്ത കാര്യം ചെയർമാൻ ആന്റോ ജോസിനെ പലതവണ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ ചെയർമാന്റെ ചേംബറിന് മുന്നിൽ മെഴുകുതിരി കത്തിച്ച് മുട്ടുകുത്തി നിന്ന് പ്രതീകാത്മകമായി ഉണർത്തുസമരം നടത്തുമെന്നും സിജി ടോണി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പരിഹാരം ഉണ്ടാകാത്തപക്ഷം യു.ഡി.എഫ് നേതൃത്വവുമായി ആലോചിച്ച് തുടർസമരം നടത്തും.

ഇനി ശ്രദ്ധിക്കണം

പാലാ: കരാറുകാർ വാർഡു കൗൺസിലർമാരുമായി ഫോണിൽ സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുന്നത് ശരിയായസംസ്‌കാരമായി കാണാനാവില്ല. നഗരത്തിലെ വഴിവിളക്കുകൾ തെളിയിക്കാൻ ഭരണ പ്രതിപക്ഷ കൗൺസിലർമാരെല്ലാം ഒത്തുചേർന്ന് കൂട്ടായി ശ്രമിച്ചുവരികയാണ്. ഇതിനിടയിൽ ഒരു കൗൺസിലർ മാത്രം എന്താണിങ്ങനെ പെരുമാറുന്നതെന്ന് മനസിലാകുന്നില്ലെന്നും ചെയർമാൻ പറഞ്ഞു.