കോട്ടയം: നഗരമധ്യത്തിൽ കുഴഞ്ഞു വീണയാളെയും പരിക്കേറ്റയാളെയും ആശുപത്രിയിൽ എത്തിച്ച് കോട്ടയം അഗ്നിശമന സേന. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ നഗരമധ്യത്തിൽ അനശ്വര തിയേറ്ററിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാൾ കുഴഞ്ഞു വീഴുകയായിരുന്നു. കീഴ്ക്കുന്ന് സ്വദേശി ജനാർദ്ദനൻ (65) ആണ് കുഴഞ്ഞുവീണത്. വിവരമറിഞ്ഞ് അഗ്നിശമനസേനയെത്തി. തുടർന്ന് സേനയുടെ ആംബുലൻസിൽ അബോധാവസ്ഥയിലായിരുന്ന വയോധികനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഷർ താഴ്ന്നുപോയതാണ് അബോധാവസ്ഥയിലാകാൻ ഇടയാക്കിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രാഥമികചികിത്സയ്ക്ക് ശേഷം ആശുപത്രിവിട്ടു. 3.40 ഓടെ സി.പി.എം ജില്ലാ ഓഫീസിന് സമീപം റോഡിൽ രക്തം വാർന്നു കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. കാരാപ്പുഴ സ്വദേശിയും ഓട്ടോഡ്രൈവറുമായ റെജി (45)നെയാണ് മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ റോഡിൽ വീണതിനെ തുടർന്ന് തല കല്ലിൽ ഇടിച്ചാണ് മുറിവേറ്റത്. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങൾ യുവാവിനെ സേനയുടെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു.