story

മുണ്ടക്കയം : മു​ണ്ട​ക്ക​യം 35-ാം മൈ​ലി​ൽ നി​ന്നു മ​ത​മ്പ റൂ​ട്ടി​ൽ സ​ഞ്ച​രി​ച്ചാ​ൽ ക​ട​മാ​ൻ​കു​ള​ത്ത് എ​ത്തു​മ്പോ​ൾ കാ​ണാം പ​ഴ​യ​ ത​ല​മു​റ​യു​ടെ ച​രി​ത്രം പേ​റു​ന്ന ചു​മ​ടു​താ​ങ്ങി. വാ​ഹ​ന​സൗ​ക​ര്യം ഇല്ലാതിരുന്ന കാലത്ത് ആ​ളു​ക​ൾ ത​ല​ച്ചു​മ​ടാ​യാ​ണ് സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു പോ​യി​രു​ന്ന​ത്. മ​തമ്പ, ചെ​ന്നാ​പ്പാ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് അന്ന് താ​മ​സി​ച്ചി​രു​ന്ന​ത്. അക്കാല​ത്ത് ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ത​ല​ച്ചു​മ​ടാ​യാ​ണ് എ​ത്തി​ച്ചിരു​ന്ന​ത്. കു​റേ ദൂ​രം സ​ഞ്ച​രി​ച്ച ശേ​ഷം സാ​ധ​ന​ങ്ങ​ൾ വ​ഴി​യ​രി​കി​ൽ ഇ​റ​ക്കി​വ​ച്ച് വി​ശ്ര​മി​ക്കും. ഇ​തി​നു​ള്ള സൗ​ക​ര്യ​ത്തി​നാ​യി​രു​ന്നു വ​ഴി​യ​രി​കി​ൽ ചു​മ​ടു​താ​ങ്ങി​ക​ൾ സ്ഥാപിച്ചിരു​ന്ന​ത്. ര​ണ്ട് ക​ല്ലു​ക​ൾ നാ​ട്ടി നി​ർ​ത്തി അതി​നെ ത​മ്മി​ൽ യോ​ജി​പ്പി​ച്ച് നീ​ള​ത്തി​ൽ ഒ​രു ക​ല്ലുകൂ​ടി സ്ഥാ​പി​ച്ചാ​യി​രു​ന്നു ചു​മ​ടു​താ​ങ്ങി​യു​ടെ നി​ർമ്മാ​ണം. വാ​ഹ​ന​സൗ​ക​ര്യ​മാ​യ​തോ​ടെ മി​ക്ക ചു​മ​ടു​താ​ങ്ങി​ക​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ടു. ച​രി​ത്ര​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പ് എ​ന്നോ​ണ​മാ​ണ് ക​ട​മാ​ൻ​കു​ള​ത്തെ ചു​മ​ടു​താ​ങ്ങി​യു​ടെ നി​ൽ​പ്പ്.

പു​തു​ത​ല​മു​റ​യ്ക്ക് അപരിചിതം

വ​ഴി​യ​രി​കി​ലെ കാ​ടുപി​ടി​ച്ച സ്ഥ​ല​ത്ത് സ്ഥാ​നംപി​ടി​ച്ചി​രി​ക്കു​ന്ന ചു​മ​ടു​താ​ങ്ങി​യെ പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​മി​ല്ല. പ​ല​രും ഇ​ത് ആ​ളു​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥ​ല​മാണെന്നാണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഉ​യ​ര​മു​ള്ള ഇ​തി​ൽ ക​യ​റി എ​ങ്ങ​നെ ഇ​രി​ക്കും എ​ന്ന ചോ​ദ്യം ഉ​യ​രു​മ്പോ​ഴാ​ണ് പ​ഴ​യ ചു​മ​ടു​താ​ങ്ങി​യു​ടെ ച​രി​ത്രം പ​ഴ​മ​ക്കാ​ർ പു​തു​ത​ല​മു​റ​യ്ക്ക് ഓ​ർമ്മി​ച്ചു ന​ൽ​കു​ന്ന​ത്.