രാമപുരം: ടൗണിലും പരിസരപ്രദേശങ്ങളായ വെള്ളിലാപ്പിള്ളി, മരങ്ങാട് മേഖലകളിലും കഞ്ചാവ് മയക്കുമരുന്ന് വില്പന സംഘങ്ങൾ സജീവമാകുന്നു. കഴിഞ്ഞ ദിവസം വെള്ളിലാപ്പിള്ളിയിൽ കഞ്ചാവുമായി മൂന്ന് വിദ്യാർത്ഥികളെ രാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിലാപ്പള്ളി മേഖലയിൽ കഞ്ചാവ് വില്പനയും ഉപയോഗവും വൻതോതിൽ വർദ്ധിച്ചതായാണ് സൂചന. വെള്ളിലാപ്പള്ളി ജംഗ്ഷനോട് ചേർന്ന് മെയിൻ റോഡിൽ നിന്നുമാണ് മൂന്ന് വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം രാമപുരം പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും നാമമാത്രമായ നിലയിൽ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ വിദ്യാർത്ഥികളെ താക്കീത് ചെയ്ത് പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. വെള്ളിലാപ്പിള്ളി ജംഗ്ഷൻ കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികളും യുവാക്കളും വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു. ജംഗ്ഷനിലെ ചില കടകൾ കേന്ദ്രീകരിച്ച് യുവാക്കൾക്ക് കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഉന്നതഅധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ എക്‌സൈസോ പൊലീസോ തുടർനടപടികൾ സ്വീകരിച്ചിട്ടില്ലായെന്നാണ് പരിസരവാസികളുടെ പരാതി.
വെള്ളിലാപ്പിള്ളി പാചകവാതക വിതരണ കേന്ദ്രത്തിലെ ജീവനക്കാരെ അടുത്തിടെ ചിലർ ഭീഷണിപ്പെടുത്തിയിരുന്നു. കഞ്ചാവ് ഉപയോഗിക്കാൻ വരുന്ന യുവാക്കളുടെ വാഹനം പാചകവാതക ഏജൻസിയുടെ മുമ്പിൽ മണിക്കൂറുകളോളം നിർത്തിയിടുന്നതിനെ സംബന്ധിച്ചുള്ള തർക്കമാണ് കൈയേറ്റത്തിലേക്ക് വരെ കാര്യങ്ങൾ നീളാൻ ഇടയാക്കിയതെന്നാണ് സൂചന.

വില്പന ചെറുപൊതികളിലാക്കി

മരങ്ങാട്‌ നീറന്താനം റോഡ് പ്രദേശങ്ങൾ കേന്ദ്രീകരിച്ചും കഞ്ചാവ് വില്പന തകൃതിയാണെന്ന് പരാതിയുണ്ട്. ചെറുപൊതികളിലാക്കി കഞ്ചാവ് കൈമാറാൻ യുവക്കളുടെ സംഘം ബൈക്കിലെത്തുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ വാഹന പരിശോധനയും മറ്റും രേഖകളിൽ മാത്രം ഒതുങ്ങുന്നതിനാൽ ഇത്തരം കഞ്ചാവുകടത്തുകാരെ പിടികൂടാനും നിയമപാലകർക്ക് കഴിയുന്നില്ല. മാഫിയാ സംഘത്തെ ഉടൻ പിടികൂടണമെന്ന് പാലാ പൗരാവകാശ സമിതിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു.