കാളികാവ്: കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. എസ്.എൻ.ഡി.പി യോഗം കളത്തൂർ,കുറവിലങ്ങാട്,കാളികാവ്,ഇലക്കാട് ശാഖകളുടെ സംയുക്താമുഖ്യത്തിൽ കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. രണ്ട് കോടി രൂപയാണ് നിർമ്മാണചെലവ്. സുബ്രഹ്മണ്യസ്വാമി, ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ എന്നിവ ഫെബ്രുവരി 10ന് നടക്കും. 13ന് ധ്വജപ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, സെക്രട്ടറി കെ പി വിജയൻ, വൈസ് പ്രസിഡന്റ് സി.എം പവിത്രൻ എന്നിവർ അറിയിച്ചു. മൂന്നു വർഷം മുമ്പാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചത്. 2019 ജനുവരി 30ന് ബാലാലയ പ്രതിഷ്ഠയും ജൂലായ് 19ന് ശ്രീകോവിൽ നിർമാണത്തിന്റെ ഭാഗമായി കട്ടിളവെപ്പും നടന്നു. കളികാവിലേ സുബ്രഹ്മണ്യ ശ്രീകോവിൽ വട്ട ശ്രീകോവിലാണ്. തിരുമുറ്റത്ത് കൃഷ്ണശില പാകി. പ്രധാന ശ്രീകോവിലിന്റെയും നമസ്‌കാര മണ്ഡപത്തിന്റെയും മേൽക്കൂര ചെമ്പു പൊതിഞ്ഞു. നമസ്‌കാര മണ്ഡപത്തിന്റെ മേൽക്കൂരയുടെ താഴെ തടിയിൽ അഷ്ടദിക്പാലകന്മാരുടെയും ബലിക്കൽ പുരയുടെ മേൽക്കൂരയിൽ നവഗ്രഹങ്ങളുടെ രൂപവും കൊത്തിയെടുത്തിട്ടുണ്ട്. പുതിയ ചുറ്റുമത്തിൽ എന്നിവയുടെ നിർമാണവും വലിയമ്പലം, തിടപ്പള്ളി എന്നിവയുടെ നിർമാണവും പൂർത്തിയായി. ശില്പി രാജു തൃക്കാക്കര നിർമിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും പൂർത്തിയായി. കിടങ്ങൂർ ദേവശ്ശേരിൽ ഡി.എസ് സുകുമാരൻ ആചാരിയാണ് മുഖ്യ തച്ചൻ. തടിയിൽ കൊത്തു പണികൾ നടത്തിയത് സുരേഷ് പനങ്ങാട്. ബ്രഹ്മമംഗലം കൈലാസനാഥൻ മുഖ്യ ശില്പി. അനുരാഗ് പണിക്കർ ഗണപതിശേരിൽ, രവീന്ദ്രൻ മാർത്താണ്ഡം എന്നിവരാണ് സഹായികൾ. ധ്വജ നിർമാണത്തിന് പരുമല അനന്തൻ ആചാരി നേതൃത്വം നൽകുന്നു. വൈക്കം മോനാട്ടുമന ഗോവിന്ദൻ നമ്പൂതിരിയാണ് സ്ഥാപതി. കുമരകം എം.എൻ ഗോപാലൻ തന്ത്രിയും മേൽശാന്തി സന്ദീപ് കുമരകവും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഗുരുദേവന്റെ പഞ്ചാലോഹ വിഗ്രഹം ശിവഗിരി മഠത്തിലെ സ്വാമി ധർമ്മചൈതന്യ പ്രതിഷ്ഠിക്കും.
ഫെബ്രുവരി 13ന് വൈകിട്ട് 4ന് നടക്കുന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്രം നാടിനു സമർപ്പിക്കുമെന്നു ദേവസ്വം സെക്രട്ടറി കെ.പി വിജയൻ അറിയിച്ചു.