വൈക്കം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം യൂണിയനും സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളും ചേർന്ന് നാലു നിർദ്ധനർക്ക് വീട് നിർമ്മിച്ച് നൽകുന്നതിൽ ആദ്യത്തെ വീടിന്റെ കട്ടിള വയ്പ്പ് യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവഹിച്ചു. നാലു വീടുകൾക്കുമായി 30 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. മൂന്നു മാസത്തിനകം നിർമാണം പൂർത്തിയാക്കി ഉടമകൾക്ക് താക്കോൽ കൈമാറുമെന്ന് യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് അറിയിച്ചു. മറവൻതുരുത്ത് പഞ്ചായത്തിലെ തുരുത്തുമ്മ 550ാം നമ്പർ ശാഖയിൽപെട്ട നോയമ്പാട്ടിൽപടവിൽ ലീലയ്ക്കാണ് ആദ്യ വീട് നൽകുന്നത്. ഗാലക്‌സി ബിൽഡേഴ്‌സ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല. യൂണിയൻ സെക്രട്ടറി എം.പി സെൻ, കൗൺസിലർമാരായ സെൻ സുഗുണൻ, എം.പി ബിജു, ആശ്രമം സ്‌കൂൾ പ്രിൻസിപ്പാൾ എ ജ്യോതി, പ്രധാനാദ്ധ്യാപിക പി.ആർ ബിജി, പ്രോഗ്രാം ഓഫീസർമാരായ മഞ്ജു എസ് നായർ, ഇ.പി ബീന, എസ്.പി.സി സി.പി.ഒ ആർ ജെഫിൻ, അദ്ധ്യാപക പ്രതിനിധി സി.എസ് ജിജി, പി.വി വിദ്യ, എസ് ജയൻ, ശാഖ പ്രസിഡന്റ് അനൂപ്, സെക്രട്ടറി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.