
സമ്പൂർണ സാക്ഷരതാ ജില്ല , അതിദരിദ്രർ കുറവുള്ള ജില്ല തുടങ്ങിയ മികവിന്റെ പേര് മായ്ച്ച് ഗുണ്ടകൾ വാഴും ജില്ല എന്ന പേരുദോഷത്തിലായി കോട്ടയമിപ്പോൾ. കേരളത്തിൽ ക്രമസമാധാനപ്രശ്നങ്ങൾ താരതമ്യേന കുറവുള്ള ജില്ലയായതിനാൽ ഇവിടെ എസ്.പിയും ഡിവൈ.എസ്.പിയുമാകാൻ പൊലീസ് സേനയിലും ഇടിയായിരുന്നു. ഇന്നതെല്ലാം പഴം കഥയായി. ഗുണ്ടാ വിളയാട്ടം വളർന്ന് കൊന്ന ആളെ ഒരു കൂസലുമില്ലാതെ പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടു തള്ളുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നാണക്കേട് കൊണ്ട് മുഖം പൊത്തേണ്ട അവസ്ഥയുമായി.
ഗുണ്ടകളെ നാടുകടത്തിയിട്ടും അപ്പീൽ നൽകിയാൽ തിരികെ വിടുന്ന വല്യ ഏമാന്മാരുടെ മേൽ പഴി ചാരി മുഖം രക്ഷിക്കാൻ നോക്കുകയാണ് കാക്കിക്കുപ്പായ മേലാളന്മാർ. ജയിലിലടക്കാൻ വകുപ്പുണ്ടാക്കിയിരുന്നെങ്കിൽ കുറച്ചു നാളെങ്കിലും നാട്ടുകാരുടെ സ്വൈര്യം കെടുത്താതെ ഗുണ്ട അവിടെ കിടന്നേനേ. നാടുകടത്തിയാൽ അവിടിരുന്നു സകല പണിയും നടത്തുമെന്ന് അറിയാത്തവർ വിവരദോഷികളാണെന്നാണ് നാട്ടുകാർ പറയുന്നത്.
കോട്ടയംകാരനായ എൻ.രാമചന്ദ്രൻ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ സകല ഗുണ്ടകളും മാളത്തിലൊളിച്ചിരുന്നു. ഓരോ പ്രദേശത്തെയും ഗുണ്ടകളെ പിടികൂടി നാട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിക്കാൻ അന്ന് ഗുണ്ടാ വണ്ടിയുണ്ടായിരുന്നു. സായാഹ്ന പട്രോളിംഗും രാത്രി പട്രോളിംഗും ഉണ്ടായിരുന്നു. പ്രധാന കവലകളിൽ എപ്പോഴും പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെയും നാടോടികളുടെയും മുഴുവൻ വിവരവും ശേഖരിച്ചിരുന്നു. ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ എന്തു കേസ് വന്നാലും അപ്പപ്പോൾ എസ്.പി അറിഞ്ഞിരുന്നു. പൊലീസ് സേനയിലുള്ളവർ മുഴുവൻ അന്ന് പണി എടുക്കുമായിരുന്നു .ഗുണ്ടകൾ അടക്കം ക്രമിനലുളെ ഒതുക്കിയതും അങ്ങനെയായിരുന്നു . റസിഡൻസ് അസോസിയേഷനുകളുടെ സേവനം പലരീതിയിൽ പ്രയോജനപ്പെടുത്താൻ പൊലീസിന് കഴിഞ്ഞിരുന്നു.
ഇപ്പോൾ ഗുണ്ടകളുടെ കൃത്യമായ ലിസ്റ്റില്ല. ഫോട്ടോ പോലും പല സ്റ്റേഷനുകളിൽ നിന്നും മാറ്റി. കൃത്യമായ മോണിറ്ററിംഗ് ഇല്ല. ഗുണ്ടകൾ താമസിക്കുന്നതോ താമസം മാറ്റുന്നതോ പലർക്കുമറിയില്ല . മുട്ടാതെ നടക്കാൻ കഴിയാത്ത തരത്തിൽ സ്റ്റേഷനുകളിൽ ഗ്രേഡ് എസ്.ഐമാരുടെ എണ്ണം കൂടിയെങ്കിലും പ്രയോജനമില്ല. കൃത്യമായ ഡ്യൂട്ടി വീതിച്ചു നൽകാത്തതിനാൽ നഗര കേന്ദ്രങ്ങളിൽ പൊലീസ് സേനയുടെ സാന്നിദ്ധ്യമില്ല. രാത്രി പട്രോളിംഗ് പേരെഴുതിയെടുക്കുന്നതിൽ ഒതുങ്ങി. ഇത് ക്രിമിനലുകൾക്ക് വളരാൻ ഇടം നൽകുന്നു. നീല തൊപ്പിവെച്ച് നടക്കുന്ന വല്യ ഏമാന്മാർ സ്റ്റേഷനുകളിൽ നടക്കുന്നത് അറിയുന്നില്ല. താഴേ തട്ടുവരെ സേനയിലുള്ളവരുമായി ബന്ധം കുറഞ്ഞതോടെ ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥ . പിന്നെങ്ങനെ ഗുണ്ടകൾ മേയാതിരിക്കും.
മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും മുമ്പൊരിക്കലുമില്ലാത്ത തരത്തിൽ കോട്ടയത്ത് വർദ്ധിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചോ എന്ന് കണ്ടു പിടിക്കാനുള്ള ഡിറ്റക്‌ഷൻ കിറ്റിന് 750 രൂപയേ വിലയുള്ളുവെങ്കിലും പൊലീസ് സ്റ്റേഷനിൽ ഒരു കിറ്റുപോലുമില്ല. ഉപയോഗം കണ്ടു പിടിക്കാൻ സംവിധാനമില്ലാത്തതിനാൽ മയക്കുമരുന്നിന് അടിപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ഇത് കുറ്റകൃത്യവും വർദ്ധിപ്പിക്കുന്നു.
ഗുണ്ടകളുടെ നാടെന്ന കോട്ടയത്തിന്റെ പോരുദോഷം മാറ്റിയെടുക്കണം. അതിനുള്ള കൂട്ടായ ശ്രമം അടിയന്തിരമായി ഉണ്ടാകണം.