
കോട്ടയം: മൂന്നാം തരംഗം അതിതീവ്രമാകില്ലെന്ന് പറയുമ്പോഴും ആശുപത്രികളിൽ കിടക്കകൾ നിറയുന്നു. ആദ്യഘട്ടം ആശുപത്രികളിൽ തിരക്കില്ലായിരുന്നെങ്കിൽ പതിയെപ്പതിയെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ആളുകൾ നിറയുകയാണ്. അതേസമയം രണ്ട് ഘട്ടത്തേക്കാളും വ്യാപകമായി ആരോഗ്യ പ്രവർത്തകരിൽ രോഗം ബാധിച്ചിട്ടുണ്ട്.
കൊവിഡ് ജാഗ്രതാ പോർട്ടലിലെ കണക്കു പ്രകാരം ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങളിൽ 26 ശതമാനം ഐ.സി.യു കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. ഓക്‌സിജൻ സൗകര്യത്തോടു കൂടിയ നോൺ ഐ.സി.യു കിടക്കകൾ 35.2 ശതമാനം മാത്രമാണ് ഒഴിവ്. അതേസമയം, വെന്റിലേറ്റർ 61.5 ശതമാനവും ഒഴിഞ്ഞു കിടക്കുന്നുവെന്നതാണ് ആശ്വാസം. കഴിഞ്ഞയാഴ്ച അറുപത് ശതമാനത്തിന് മുകളിൽ ഐ.സി.യു കിടക്കകൾ ലഭ്യമായിരുന്നു. സ്വകാര്യ ആശുപത്രികളിലും കിടക്കകൾ നാമമാത്രമാണ്. രണ്ടു ഡോസ് വാക്‌സിനും കരുതൽ ഡോസുമെടുത്തവരെയും രോഗം കീഴടക്കുകയാണ്.
ഗുരുതരാവസ്ഥയിൽ 22 പേർ
രണ്ടാം തരംഗത്തിന്റെ അത്രയും മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഗുരുതരമായി ഇന്നലെ വൈകിട്ട് വരെ 22 രോഗികളാണ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. മറ്റു രോഗങ്ങളുള്ളവരാണ് ഇവരിൽ ഏറെയും.
മൂന്നാം തരംഗത്തിനായി സജ്ജം
സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കായി 187 കിടക്കകൾ
ഒക്ടോബർ മുതൽ ഓക്സിജൻ പ്ളാന്റുകളടക്കം സജ്ജമാക്കി
ഐ.സി.യു കിടക്കകൾ അധികം വേണ്ടെന്ന് കണക്ക് കൂട്ടൽ
ഓക്സിജൻ പ്ളാന്റുകളിൽ ആവശ്യത്തിന് ഉദ്പാദനം നടക്കുന്നു
കൊവിഡ് കിടത്തി ചികിത്സ
മെഡിക്കൽ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ, വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികൾ, ഉഴവൂർ കെ.ആർ. നാരായണൻ സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രി.
ആരോഗ്യ പ്രവർത്തകർക്കും മോശംകാലം
2020ൽ ഡോക്ടർമാരടക്കം 655 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. 21ൽ 1032 ആരോഗ്യ പ്രവർത്തകരും രോഗത്തിന് കീഴടങ്ങി. എന്നാൽ ഈ വർഷം ഇന്നലെ വരെ മാത്രം 222 ജീവനക്കാർ രോഗ ബാധിതരാണ്. ഇതിൽ128 പേരും ഡോക്ടർമാരുമാണ്.
താടിയിൽ തൂങ്ങി മാസ്ക്
പൊതുയിടങ്ങളിൽ മാസ്ക് ഉപയോഗം പേരിനുമാത്രമായി. കടകളിലും ബസുകളിലും മറ്റും മാസ്ക് താടിയിൽ തൂക്കിയിട്ടിരിക്കുന്നവരെ വ്യാപകമായി കാണാം. ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആരുമില്ല. വ്യാപനം അതിതീവ്രമായിട്ടും കൊവിഡിനെ ലാഘവബുദ്ധിയോടെ കാണുന്നവരുടെ എണ്ണംകൂടി വരികയാണ്.