k-rail-prethishedham-

കോട്ടയം: ഞീഴൂർ പഞ്ചായത്തിലെ വിളയംകോട്ട് കല്ലിടാനായി പൊലീസിന്റെ അകമ്പടിയോടെ എത്തിയ കെ. റെയിൽ സംഘം, ജനകീയ സമിതിയുടെ പ്രതിഷേധത്തെത്തുടർന്ന് പിൻവാങ്ങി. ജനകീയ സമിതി ചെയർമാൻ ബാബു കുട്ടൻചിറയുടെ നേതൃത്വത്തിൽ കല്ലുമായി വന്ന വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചതോടെയാണ് സംഘം മടങ്ങിയത്. കല്ലിടാനെത്തുന്നതറിഞ്ഞ് രാവിലെ കമ്പനിപ്പടിയിൽ നിന്ന് ജനങ്ങൾ പ്രകടനമായി എത്തുകയായിരുന്നു. മണിക്കൂറുകൾ നീണ്ട വാഗ്വാദങ്ങൾക്കും പ്രതിഷേധത്തിനുമൊ‌ടുവിൽ കെ. റെയിൽ സംഘം കല്ലുമായി തിരികെപ്പോയി.

പ്രകൃതി ദുരന്തങ്ങളും കടക്കെണിയും സൃഷ്ടിക്കുന്ന കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി, സംസ്ഥാന ചെയർമാൻ എം.ബി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ, രക്ഷാധികാരി മിനി കെ. ഫിലിപ്പ്, എ.ടി. തോമസ്, ചെറിയാൻ കെ. ജോസ്, ബോബൻ മഞ്ഞളാംമല, ജോസഫ് തോപ്പിൽ, രാജേഷ് പി.സി, അജീഷ് കുമാർ, പി.എസ്. വിജയൻ, എൻ. മണിലാൽ, മാത്യു തോമസ്, ജിജി ഈയ്യാലിൽ, സാനു പി, ഉണ്ണി നായർ, സേവ്യർ ഞീഴൂർ എന്നിവർ പങ്കെടുത്തു.