
പാലാ: 5 കോടിയോളം രൂപയുമായി പതിനാല് വർഷം മുമ്പ് മുങ്ങിയ എൽ.ഐ.സി. ഏജന്റു കൂടിയായ ചിട്ടിക്കമ്പനി ഉടമയെ ഡൽഹിയിൽ നിന്ന് പാലാ പൊലീസ് പിടികൂടി.
പാലാ നെച്ചിപ്പുഴൂർ മണ്ഡപത്തിൽ പി.കെ. മോഹൻദാസിനെ (പെട്ടിയമ്മാവൻ, 58) യാണ് പാലാ സി.ഐ. കെ.പി. ടോംസൺ, എ.എസ്.ഐ. ബിജു കെ. തോമസ്, എസ്.സി.പി.ഒ. ഷെറിൻ മാത്യു സ്റ്റീഫൻ, സി.പി.ഒ. സി. രഞ്ജിത്ത് എന്നിവർ പിടികൂടിയത്.
2008 കാലഘട്ടത്തിൽ പാലായിലെ എൽ.ഐ.സി. ഏജന്റ് ആയിരുന്ന മോഹൻദാസ് ഉപഭോക്താക്കളുടെ പോളിസി തുക അടയ്ക്കാതെ സ്വന്തം ചിട്ടി കമ്പനിയിലേയ്ക്ക് മാറ്റുകയായിരുന്നു. തന്റെ വീടും ആറേക്കർ സ്ഥലവും വില്പനക്കായി പരസ്യപ്പെടുത്തി പലരുമായി കരാറുണ്ടാക്കിയും വൻതുക അഡ്വാൻസായി വാങ്ങിയെടുത്തു.
അമ്പതുലക്ഷം വരെ നഷ്ടമായ 15 പേരുടെ പരാതിയിൽ അന്ന് മോഹൻദാസിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്നു ജാമ്യം നേടിയ ഇയാൾ ഭാര്യയോടും മക്കളോടുമൊപ്പം ഒളിവിൽ പോവുകയായിരുന്നു. ഇതോടെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ പിടികിട്ടാപ്പുള്ളികളെപ്പറ്റിയുള്ള അന്വേഷണം ത്വരിതപ്പെടുത്തിയതോടെയാണ് മോഹൻദാസ് ഡൽഹിയിൽ ഉള്ളതായി വിവരം ലഭിച്ചതും അറസ്റ്റു ചെയ്തതും. അവിടെ ക്ഷേത്രത്തിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് പാലാ സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഒരു ഗണപതിഹോമം ... പെട്ടി മോഹനൻ പെട്ടു.....
പാലാ: കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 5ന് ഡൽഹി രോഹിണിയിലുള്ള അയ്യപ്പക്ഷേത്രത്തിൽ കാവിമുണ്ടും ടീ ഷർട്ടും ധരിച്ച മൂന്ന് ഭക്തരെത്തി. അവിടെ വഴിപാടിന് ചീട്ടെഴുതാനിരുന്ന ആളിനടുത്ത് ചെന്ന് പറഞ്ഞു; ''ഒരു ഗണപതിഹോമം ; പേര് രഞ്ജിത്ത്, നാള് പുണർതം, പാലാ പൊലീസ് സ്റ്റേഷൻ...'' ഇതു കേട്ടപാടെ രസീത് എഴുതാനിരുന്നയാൾ ചാടിയെഴുന്നേറ്റു. 'പാലാ പൊലീസിൽ നിന്നാണല്ലേ..... എന്നെ തേടി വന്നതാണെന്നറിയാം, ഞാൻ തന്നെയാണ് മോഹൻദാസ്. ' രസീത് എഴുതാനിരുന്നയാൾ പറഞ്ഞു നിർത്തിയതും ഒപ്പം എത്തിയ 'ഭക്തർ' ഇയാളെ പിടികൂടിയതും ഒരുമിച്ചായിരുന്നു.
ക്ഷേത്രം മേൽശാന്തി ഉൾപ്പെടെയുള്ളവർ ഓടിയെത്തി കാര്യം തിരക്കി. തങ്ങൾ പാലായിൽ നിന്നു വന്ന പൊലീസുകാരാണെന്നും മോഹൻദാസ് കോടികൾ തട്ടിച്ച കേസിലെ പ്രതിയാണെന്നും വിശദീകരിച്ചതോടെ മേൽശാന്തിയുൾപ്പെടെയുള്ളവർ ഞെട്ടിപ്പോയി. എട്ടു വർഷമായി തങ്ങളുടെ അക്കൗണ്ടന്റായ 'മോഹനേട്ടൻ ' ഇത്രവലിയൊരു തട്ടിപ്പുകാരനാണെന്ന് അവരറിഞ്ഞത് അപ്പോഴാണ്.
പാലാ സ്റ്റേഷനിലെ ക്രൈം സ്‌കാഡിലുള്ള എ.എസ്.ഐ. ബിജു കെ. തോമസും സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫനും സിവിൽ പൊലീസ് ഓഫീസർ സി. രഞ്ജിത്തുമാണ് ഭക്തരുടെ വേഷത്തിൽ ക്ഷേത്രത്തിലെത്തിയത്. കുടുങ്ങിയെന്ന് ഉറപ്പായതോടെ ഒരു എതിർപ്പും കാട്ടാതെ മോഹൻദാസ് പൊലീസിനു വഴങ്ങി.
പാലായിൽ നിന്നു മുങ്ങി പഞ്ചാബിലെത്തിയ 'പെട്ടിമോഹൻ ' എന്ന് നാട്ടിലറിയപ്പെടുന്ന ബി.കോം ബിരുദധാരിയായ മോഹൻദാസ് 3 വർഷത്തോളം ലുധിയാനയിൽ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നീട് രണ്ട് വർഷം അമ്പലത്തിൽ കഴകക്കാരനായി . ഈ സമയത്ത് ആധാർ കാർഡും സ്വന്തമാക്കി.
രഹസ്യവിവരത്തെ തുടർന്ന് 2013 ൽ മോഹൻദാസിനെ അന്വേഷിച്ച് പൊലീസ് പഞ്ചാബിൽ എത്തിയെങ്കിലും സൂചന ലഭിച്ച ഇയാൾ കുടുംബസമേതം ഡൽഹിയിലേക്ക് മാറി . ഡൽഹിയിൽ രോഹിണിയിലെ അയ്യപ്പക്ഷേത്രഭരണസമിതിയെ പിറവം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അക്കൗണ്ടന്റ് ആയി ജോലി നേടിയത്. ഇയാളെ പിടികൂടാനായി പല അന്വേഷണസംഘങ്ങൾ രൂപീകരിച്ചെങ്കിലും നാടുമായോ കുടുംബാംഗങ്ങളുമായോ യാതൊരു ബന്ധവുമില്ലാതെ ജീവിച്ചിരുന്നതിനാൽ പിടികൂടാൻ സാധിച്ചിരുന്നില്ല.
മക്കളുടെ വിദ്യാഭ്യാസത്തിന്റെ സൗകര്യാർത്ഥം ഇയാളുടെ കുടുംബം തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് താമസം.