
കുമാരനല്ലൂർ: ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ മേഖലാ കാര്യാലയത്തിന്റെ പ്രവർത്തനം അടച്ചു. ഇരുപതോളം ജീവനക്കാരാണ് മേഖലാ കാര്യാലയത്തിലുള്ളത്. പകുതിയിലേറെപ്പേർക്കും കൊവിഡാണ്. സമ്പർക്കം മൂലമാണ് രോഗം പടർന്നതെന്നു കരുതുന്നതായി സൂപ്രണ്ട് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കാര്യാലയം അണുവിമുക്തമാക്കി പ്രവർത്തനം പുനരാരംഭിക്കും. നഗരസഭയിൽ ഓൺലൈൻ സംവിധാനം ഇല്ലാത്തതുകൊണ്ട് വർക്ക് ഫ്രം ഹോം പദ്ധതിയും നടപ്പാക്കാൻ കഴിയില്ല. നിരവധി സർട്ടിഫിക്കറ്റുകളും അനുമതികളും നല്‌കേണ്ട ഭാരിച്ച ഉത്തരവാദിത്വമുള്ളതാണ് നഗരസഭാ കാര്യാലയം. ഇവിടെ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്താത്തത് ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ജീവനക്കാരുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു.