
കോട്ടയം: ജില്ലയിൽ കൊവിഡ് ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, മറ്റു കൊവിഡ് ആശുപത്രികൾ, സി.എസ്.എൽ.റ്റി.സി, സി.എഫ്.എൽ.റ്റി.സി., ഡൊമിസിലിയറി കെയർ സെന്ററുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി 2331 കിടക്കകളുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വിളിച്ചുചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
സർക്കാർ മേഖലയിൽ വിവിധ ചികിത്സാകേന്ദ്രങ്ങളിലായി 1257 കിടക്കകളുണ്ട്. ഇതിൽ 268 ഓക്‌സിജൻ സൗകര്യമുള്ളവയാണ്. മെഡിക്കൽ കോളേജിലും കുട്ടികളുടെ ആശുപത്രിയിലുമായി 108 ഓക്‌സിജൻ സൗകര്യമുള്ള കിടക്കകളും 28 ഐ.സി.യു. കിടക്കകളും, 13 നോൺ ഇൻവേസീവ് വെന്റിലേഷൻ (എൻ.ഐ.വി.) കിടക്കകളും 13 വെന്റിലേറ്ററുകളുമുണ്ട്. കൊവിഡ് ആശുപത്രികളിൽ 120 ഓക്‌സിജൻ കിടക്കകളുണ്ട്. രണ്ടു സി.എസ്.എൽ.ടി.സി.കളിൽ 186 കിടക്കകളും സി.എഫ്.എൽ.ടി.സി.യിൽ 100 കിടക്കകളും ഡി.സി.സി.യിൽ 70 കിടക്കകളുമുണ്ട്.
18 സ്വകാര്യ ആശുപത്രികളിലായി 1074 കിടക്കകളുണ്ട്. ഇതിൽ 499 എണ്ണം ഓക്‌സിജൻ സൗകര്യമുള്ളതാണ്. 61 ഐ.സി.യു. കിടക്കകളും 14 നോൺ ഇൻവേസീവ് വെന്റിലേഷനുള്ള കിടക്കകളും 20 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സി.എഫ്.എൽ.ടി.സി.കൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്ത്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഡോ. കെ.കെ. ശ്യാംകുമാർ, ഷറഫ് പി. ഹംസ എന്നിവർ പങ്കെടുത്തു.
ജില്ലയിൽ ഒമിക്രോൺ 32
ജില്ലയിൽ 32 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ യോഗത്തിൽ അറിയിച്ചു. ജില്ലയിൽ മൊത്തം 17732 കൊവിഡ് രോഗികളാണുള്ളത്. 16906 പേർ വീടുകളിൽ ക്വാറന്റൈനിലാണുള്ളത്. 826 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 222 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചു. ജില്ലയിൽ 99.29 ശതമാനം പേർ ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. 84.78 ശതമാനം പേർ രണ്ടു ഡോസുമെടുത്തു. 31967 പേർ കരുതൽ ഡോസെടുത്തു. ആവശ്യത്തിന് കൊവിഡ് വാക്‌സിൻ സ്റ്റോക്കുണ്ട്. ജനുവരിയിൽ കൊവിഡ് മരണനിരക്കിൽ കുറവുണ്ട്. ഡിസംബറിൽ 70 മരണവും ജനുവരിയിൽ ഇതുവരെ 35 മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരിച്ചവരെല്ലാം മറ്റ് അസുഖബാധിതർ കൂടിയായിരുന്നുവെന്നും ഡി.എം.ഒ. പറഞ്ഞു.