കോട്ടയം: ഇനിയും ദുരിതം സഹിക്കാൻ വയ്യ, കുടിവെള്ളത്തിന്റെ കാര്യത്തിൽ ചെട്ടിക്കുന്ന് നിവാസികൾ നിസഹായരാണ്. പൈപ്പിൽ നിന്നും വെള്ളം ലഭിക്കുന്നത് വല്ലപ്പോഴും, വെള്ളം വിലയ്ക്കു വാങ്ങി എത്രനാൾ മുന്നോട്ടുപോകുമെന്ന് ചെട്ടിക്കുന്നുകാർ ഒരേസ്വരത്തിൽ പറയുന്നു. കോട്ടയം നഗരസഭയുടെ 33 ാം വാർഡ് ചെട്ടിക്കുന്നിലെ 45ഓളം കുടുംബങ്ങളാണ് ദുരിതം നേരിടുന്നത്. മുൻവർഷങ്ങളിൽ കടുത്ത വേനൽ ആരംഭിക്കുന്ന മാസങ്ങളിൽ മാത്രമാണ് വെള്ളം വിലയ്ക്ക് വാങ്ങിയിരുന്നത്. എന്നാൽ ഈ വർഷം ഡിസംബർ ആദ്യവാരം മുതൽ തന്നെ വെള്ളം വിലയ്ക്ക വാങ്ങേണ്ട സ്ഥിതിയായിരുന്നു. പ്രദേശത്ത് അഞ്ച് വീട്ടുകാർക്ക് മാത്രമാണ് കിണറുള്ളത്. മറ്റ് കുടുംബങ്ങൾ വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്. ഇവിടെ പൈപ്പ് വെള്ളം ആഴ്ചയിൽ രണ്ട് ദിവസമാണ് എത്തിയിരുന്നത്. എന്നാൽ ഇന്നത് വല്ലപ്പോഴുമായി. ഇതോടെ പൈപ്പ് വെള്ളമെത്താത്ത സാഹചര്യത്തിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള വെള്ളം വിലയക്ക് വാങ്ങണം. മുൻകാലങ്ങളിൽ വെള്ളത്തിന് ക്ഷാമം നേരിടുമ്പോൾ നഗരസഭയുടെ വാഹനങ്ങളിൽ വെള്ളം വിതരണം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള പ്രവർത്തനങ്ങളും ഇല്ല. പൈപ്പ് പണി നടക്കുന്നത് മൂലമാണ് ജലവിതരണം മുടങ്ങുന്നതെന്നാണ് അധികൃതർ പറയുന്നത്.
പല വില
ഒരുമാസം മുൻപ് 750 ലിറ്റർ വെള്ളം 200 രൂപ നൽകിയാണ് പ്രദേശവാസികൾ വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ 250,300 എന്നിങ്ങനെയാണ് വില . ഒരു മാസം തന്നെ 3000 രൂപയ്ക്ക് മുകളിൽ വെള്ളത്തിനായി തന്നെ ചിലവാക്കേണ്ട സ്ഥിതിയാണ്. ദൂരം കൂടുതലാണെങ്കിൽ വില ഇനിയും ഉയരുന്ന സ്ഥിതിയാണ്. വെള്ളം വിതരണം ചെയ്യുന്ന ഏജൻസികൾ തോന്നുംപടിയാണ് വില ഈടാക്കുന്നത്.