test

കോട്ടയം: കൊവിഡ് ഡൽറ്റ വകഭേദത്തിന്റെ അതിവ്യാപനമായതോടെ ലാബുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വീണ്ടും കൊയ്തായി. മിക്ക സ്വകാര്യ ആശുപത്രികളിലെയും മുറികളും വാർഡിലെ കിടക്കകളും കൊവിഡ് രോഗികളെ കൊണ്ടു നിറഞ്ഞു. മുറി കിട്ടാൻ മന്ത്രിമാരെക്കൊണ്ടു വരെ വിളിപ്പിക്കേണ്ട അവസ്ഥയാണ്. കോട്ടയം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം മൂന്നക്കം കടന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. സ്വകാര്യ ആശുപത്രികളിൽ പരിശോധനാ സംവിധാനമില്ല. സാമ്പിൾ ശേഖരിച്ചു ലാബുകൾക്ക് നൽകുകയാണ് .പരിശോധന കൂടിയതോടെ ലാബുകളിൽനിന്ന് ആർ.ടി.പിസിആർ ഫലം ലഭിക്കണമെങ്കിൽ രണ്ടും മൂന്നും ദിവസം കഴിയണം.

 ആരുമില്ല ചോദിക്കാൻ

പെട്ടെന്ന് ഫലമറിയാവുന്നതിനാൽ ലാബുകളിലെ ആന്റിജൻ ടെസ്റ്റുകളിൽ മാത്രമാണ് കൃത്യത. കൂടുതൽ തുക വാങ്ങുന്ന ആർ.ടി.പി.സി.ആർ പരശോധനകളിൽ കൃത്യതയില്ലെന്ന പരാതി വ്യാപകമാണ് . മെഡിക്കൽ കോളേജാശുപത്രിക്ക് സമീപമുള്ള രണ്ട് ലാബുകളിൽ ഒരേ സാമ്പിൾ പരിശോധിച്ചാൽ ഒരിടത്ത് സ്ഥിരം നെഗറ്റീവും മറ്റു ലാബിൽ സ്ഥിരം പോസിറ്റീവ് ഫലമെന്നും പരാതി ഉയർന്നിട്ടും നടപടിയില്ല. സാമ്പിൾ എണ്ണം കൂടുന്നതിനാൽ കൃത്യത കുറയുന്നു. രോഗമുള്ളവരെയും ഇല്ലാത്തവരെയും വട്ടം ചുറ്റിക്കുന്ന ഗുരുതര പ്രശ്നമായിട്ടും പരാതികളിൽ ഒരു ലാബിനെതിരെയും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടില്ല. ലാബുകളിൽ നിന്ന് വീടുകളിൽ എത്തി പരിശോധന നടത്താറുണ്ട്. വണ്ടിക്കൂലിയും പി.പി.ഇ കിറ്റ് നിരക്കും ചേർത്താണ് തുക ഈടാക്കുന്നത്. ബില്ല് നൽകാറില്ലെന്നും പരാതിയുണ്ട്.

 ടെലി മെഡിസിൻ

കൊവിഡ് രോഗികൾക്ക് ടെലിഫോണിലൂടെ ഡോക്ടറുമായി സംസാരിച്ച് മരുന്നു വാങ്ങാൻ കഴിയുന്ന സംവിധാനം പ്രമുഖ സ്വകാര്യ ആശുപത്രികളിലുണ്ട്. 150 രൂപയും ജി.എസ്.ടി.യുമാണ് ടെലി മെഡിസിന് ഒരാളിൽ നിന്ന് ഈടാക്കുന്നത്. ഒരു വീട്ടിൽ നിന്ന് ഫോൺ വിളിച്ചാലും ഓരോരുത്തരും കൺസൽട്ടേഷൻ ഫീസ് നൽകണം. ആവശ്യമെങ്കിൽ മരുന്നും വീട്ടിൽ എത്തിച്ചു തരും .അധിക തുക നൽകണമെന്നു മാത്രം.

 മൂന്നു മാസം വരെ പോസിറ്റീവ്

സർക്കാർ ആശുപത്രികളിൽ ആർ.ടി.പി.സി.ആർ പരിശോധന നിറുത്തിയതോടെ ലാബുകൾക്ക് ചാകരയായി. 500 രൂപയാണ് പരിശോധനാ നിരക്കെങ്കിലും ബില്ല് നൽകാതെ അമിത നിരക്ക് ഈടാക്കുന്നു വെന്ന പരാതിയുണ്ട്. ആന്റിജൻ കിറ്റിന് 250രൂപ മുതൽ 350 രൂപ വരെ ഈടാക്കുന്നു. പലരും കിറ്റ് വാങ്ങി സ്വയം പരിശോധന നടത്തുകയാണ് .എന്നാൽ ആർ.ടി.പി.സി.ആർ പരിശോധന കിറ്റ് ഉപയോഗിച്ചു നടത്താൻ കഴിയാത്തതാണ് ലാബുകൾക്ക് നേട്ടമായത്. കൊവിഡ് നെഗറ്റീവായാലും ചിലർക്ക് മൂന്നു മാസം വരെ ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റീവ് കാണിക്കാറുണ്ട്. ഇതും ലാബുകളുടെ വരുമാനം കൂട്ടുന്നു.

 കൃത്യമല്ല, സർക്കാർ കണക്ക്

കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും പരിശോധിച്ച് പോസിറ്റീവാകുന്നവരുടെ വിവരം ആരോഗ്യവകുപ്പിന് കൈമാറുമായിരുന്നു. ഇപ്പോൾ ആ പതിവില്ല. ഇക്കാരണത്താൽ സർക്കാർ എല്ലാ ദിവസവും പുറത്തു വിടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ സ്വകാര്യ ആശുപത്രിയിലും ലാബിലും ടെസ്റ്റു ചെയ്യുന്നവരെ ഉൾപ്പെടുത്താറില്ല. കിറ്റ് വാങ്ങി സ്വയം പരിശോധിക്കുന്നവരുടെ എണ്ണം കൂടിയെങ്കിലും പോസിറ്റീവ് വിവരം മറച്ചുവയ്ക്കുന്നതിനാൽ ഇതും സർക്കാർ കണക്കിൽ വരാറില്ല. ഫലത്തിൽ സർക്കാർ പുറത്തുവിടുന്ന കണക്കിൽ യാഥാർത്ഥ കൊവിഡ് രോഗികളുടെ പകുതി പോലുമില്ല.