പാലാ : പാലാ പൂഞ്ഞാർ ഹൈവേയോടു ചേർന്ന് വഴിയോര വിശ്രമകേന്ദ്രം നിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി 40 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ അറിയിച്ചു. ജില്ലാ ശുചിത്വ മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത് .

റെസ്റ്റ് റൂം, ശൗചാലയം, കോഫിസ്റ്റാൾ, ഫീഡിംഗ് റൂം, നാപ്കിൻ ഇൻ സിനേറ്റർ, ഫ്രൂട്‌സ് സ്റ്റാൾ എന്നീ സൗകര്യങ്ങളോടുകൂടിയാണ് വഴിയോര വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. വാഗമണ്ണിലേക്ക് പോകുന്ന ടൂറിസ്റ്റുകൾക്കും ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധി, ശ്രീനാരായണ ഗുരുദേവനാൽ പ്രതിഷ്ഠിതമായ ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേയ്ക്കും ദൂരെ ദിക്കുകളിൽ നിന്നും വരുന്ന തീർത്ഥാടകർക്കും വിശ്രമകേന്ദ്രം ഉപകാരപ്പെടുമെന്ന് രാജേഷ് ചൂണ്ടിക്കാട്ടി.

നിലവിൽ പാലാ വാഗമൺ റൂട്ടിൽ വഴിയോര വിശ്രമകേന്ദ്രമില്ല. ശുചിത്വമിഷൻ ഉദ്യോഗസ്ഥരും മുനിസിപ്പൽ , പഞ്ചായത്ത് അധികൃതരുമായി ചർച്ച ചെയ്ത് നിശ്ചിത സ്ഥലം തീരുമാനിക്കുമെന്നും ജില്ലാ പഞ്ചായത്തംഗം പറഞ്ഞു.