
കോട്ടയം: കോട്ടയം ടെക്സ്റ്റൈൽസിലെ സ്ത്രീ തൊഴിലാളികൾക്കെതിരെയുള്ള മാനേജ്‌മെന്റിന്റെ ഭീഷണിയും പീഡനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 2ന് കമ്പനി പടിക്കലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് എ.ഐ.ടി.യു.സി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫാക്ടറീസ് ആക്ട് അനുസരിച്ച് രാത്രി 10ന് ശേഷം സ്ത്രീ തൊഴിലാളികളെ ജോലി ചെയ്യിക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ കോട്ടയം ടെക്സ്റ്റൈൽസിൽ രാത്രി ഏറെ വൈകി ജോലി ചെയ്യാൻ സ്ത്രീകൾ സമ്മത പത്രം നൽകണമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. ഇതിനെ എതിർത്ത 17 പേരെ വിവിധ ജില്ലകളിലേക്ക് സ്ഥലം മാറ്റി. രണ്ടു പേരെ സസ്‌പെന്റ് ചെയ്തു. ഭീഷണികളെ എതിർത്തു നിൽകാനാവാതെ പലരും ജോലി ഉപേക്ഷിക്കുകയോ, സമ്മർദ്ദങ്ങളിൽ തളർന്ന് രോഗികളാവുകയോ ചെയ്യുന്ന സ്ഥിതിയാണുള്ളത്.
എ.ഐ.ടി.യു.സി നേതൃത്വം ഇടപെട്ട് വ്യവസായ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സി.ഐ.ടി. യു നേതൃത്വവുമായി ചർച്ച നടത്തിയാണ് കമ്പനി തുറന്നതെങ്കിലും വീണ്ടും പഴയ നിലപാടുകൾ ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കമ്പനി പടിക്കലേക്ക് മാർച്ചും ധർണയും നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ.വി.കെ സന്തോഷ് കുമാർ, സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം ലീനമ്മ ഉദയകുമാർ, കോട്ടയം ടെക്സ്റ്റൈൽസ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് അഡ്വ.വി.മോഹൻദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.