road

അടിമാലി: കൊച്ചി -ധനുഷ്‌ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ പലയിടത്തും ദേശിയപാത വികസനം സാധ്യമാക്കിയിട്ടുണ്ടെങ്കിലും പാതയ് ക്ക് വീതി കുറഞ്ഞ് അപകട മുനമ്പായി മാറി. ചിലയിടങ്ങളിൽ കൂടി ഇനിയും നിർമ്മാണ ജോലികൾ നടത്തേണ്ടതായുണ്ട്.ഇത്തരത്തിൽ വീതി കുറഞ്ഞ ഒരു ഭാഗത്തായിരുന്നു തിങ്കളാഴ്ച്ച രാത്രിയിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടതും രണ്ട് പേരുടെ ജീവൻ നഷ്ടമായതും.നേര്യമംഗലം വനമേഖലയിലെ പൂർണ്ണ തോതിലുള്ള റോഡ് വികസനം നാളുകളായി ഉയരുന്ന ആവശ്യമാണ്.ചിലയിടങ്ങളിൽ സംരക്ഷണ ഭിത്തി തീർത്തും വീതി വർദ്ധിപ്പിച്ചും ദേശിയപാത വികസനം സാദ്ധ്യമാക്കിയിട്ടുണ്ട്.വലിയ കൊക്കയോട് ചേർന്ന ഭാഗത്തുകൂടിയാണ് ഇവിടങ്ങളിലൊക്കെയും പാത കടന്നു പോകുന്നത്.സംരക്ഷണ ഭിത്തി തീർത്തോ മൺതിട്ട നീക്കം ചെയ്‌തോ ഇവിടങ്ങളിൽ പാതയുടെ വീതി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഇപ്പോഴും ഉയരുന്നു.ചീയപ്പാറക്ക് സമീപം അപകട ഭീഷണി ഉയർത്തുന്ന ഭാഗത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ചരക്ക് ലോറി സംരക്ഷണ ഭിത്തി തകർത്ത് താഴേക്ക് പതിക്കാൻ തുടങ്ങിയിരുന്നു.ലോറിയുടെ മുൻ ഭാഗം മൺതിട്ടയിൽ തങ്ങിനിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.ഈ ഭാഗത്തും പാതയുടെ ഒരു വശത്ത് വലിയ കൊക്കയാണ് സ്ഥിതി ചെയ്യുന്നത്.നേര്യമംഗലം മുതൽ പരിശോധിച്ചാൽ അപകട സാധ്യത കുറക്കാൻ പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറുകൾ ചിലയിടങ്ങളിൽ തകർന്നു കിടക്കുന്നത് കാണാം.നേര്യമംഗലം വനമേഖലയിലൂടെയുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ തുടർ വികസനപ്രവർത്തനങ്ങൾ കൂടി സാദ്ധ്യമാക്കണമെന്നാണാവശ്യം.