
പാലാ: പതിനാല് വർഷം മുമ്പ് അഞ്ചുകോടിയുമായി മുങ്ങിയ നെച്ചിപ്പുഴൂർ മണ്ഡപത്തിൽ മോഹൻദാസിനെതിരെ 16 കേസുകൾ. ഇതിൽ 5 കേസുകളിൽ ജാമ്യമെടുത്ത് നിൽക്കെയാണ് ഇയാളും കുടുംബവും ഒളിവിൽ പോയത്. ദീർഘകാലമായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നുള്ള വാറണ്ട് (ലോംഗ് പെന്റിംഗ് വാറണ്ട്) ആയതിനാലാണ് അന്വേഷണം ഊർജിതമാക്കിയതും പാലാ പൊലീസ് ഇയാളെ ഡൽഹിയിൽ നിന്നു പിടികൂടിയതും.
16 കേസുകളിൽ മൂന്നെണ്ണം പാലാ പൊലീസ് ചാർജ് ചെയ്ത വഞ്ചനാ കേസുകളാണ്. 13 എണ്ണം സ്വകാര്യവ്യക്തികൾ നൽകിയ ചെക്കുകേസുകളും. ഇതിൽ ഓരോ കേസിലും ഇയാൾ ഇനി റിമാൻഡിലാവുകയും ജാമ്യമെടുക്കുകയും വേണം. ഈ നടപടി തന്നെ നാളുകളോളം തുടർന്നേക്കാം.
കേസന്വേഷണം പൂർത്തിയായി 14 വർഷം മുമ്പ് കോടതിയിൽ ചാർജ് കൊടുത്തുകഴിഞ്ഞ സാഹചര്യത്തിൽ പൊലീസിന് ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷിക്കാനുള്ള കാര്യങ്ങളൊന്നുമില്ല. എന്നാൽ വീണ്ടും ജാമ്യത്തിലിറങ്ങിയാൽ ഇയാൾ മുങ്ങാനുള്ള സാദ്ധ്യതയുണ്ടെന്ന് പൊലീസ് കണക്കുകൂട്ടുന്നു. നിലവിലെ സ്ഥിതിയിൽ 5 കോടിയുടെ കടബാദ്ധ്യത ഒരു കാരണവശാലും അടച്ചുതീർക്കാനുള്ള സാമ്പത്തികനില ഇയാൾക്കിപ്പോൾ ഇല്ലെന്നാണ് സൂചന.
ഇതിനിടെ മോഹൻദാസ് പിടിയിലായതറിഞ്ഞ് തങ്ങൾ കൊടുത്ത തുക തിരികെ കിട്ടുമോ എന്നാരാഞ്ഞ് നിരവധി പേർ പാലാ പൊലീസ് സ്റ്റേഷനിലേക്കു തുടരെ വിളിക്കുന്നുണ്ട്. എന്നാൽ കോടികൾ തട്ടിയെടുത്തെങ്കിലും അത് മറ്റുചിലരുടെ കൈകളിലേക്കാണ് പോയതെന്ന ആക്ഷേപം പണ്ടേ ഉയർന്നിരുന്നതാണ്. ഡൽഹിയിലെ ക്ഷേത്രത്തിൽ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ് ഇയാളും കുടുംബവും കഴിഞ്ഞിരുന്നതെന്നാണ് വിവരം.