മുണ്ടക്കയം : അശ്രദ്ധയും അമിതവേഗവും മൂലം ദേശീയപാത 183ൽ ചിറ്റടിക്കും ചോറ്റിക്കുമിടയിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ വിവിധ അപകടങ്ങളിലായി ഏഴു പേരാണ് മരിച്ചത്. കഴിഞ്ഞദിവസം അമിതവേഗത്തിലെത്തിയ ലോറി ഇടിച്ച് ഇളംകാട് തേവർകുന്നേൽ അനന്തു (21) മരിച്ചിരുന്നു. അനന്തുവിന്റെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം ലോറി ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമായിരുന്നു. ഇടച്ചോറ്റി മുതൽ വളവുകളില്ലാതെ നേരേ കിടക്കുന്ന പാതയിലൂടെ വാഹനങ്ങൾ അമിത വേഗത്തിലെത്തുന്നതാണു പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നതെന്നു നാട്ടുകാർ പറഞ്ഞു. രണ്ടു വർഷം മുൻപ്നി യന്ത്രണംവിട്ട് അമിത വേഗത്തിലെത്തിയ ലോറി കാറിലും ബൈക്കിലും ഇടിച്ച് ബൈക്കിൽ സഞ്ചരിച്ച രണ്ടു പേരും കാറിൽ സഞ്ചരിച്ച ഒരാളും മരണമടഞ്ഞിരുന്നു.

പ്രഹസനമായി പരിശോധന

നിരവധി അപകടങ്ങൾ ഉണ്ടായിട്ടും ഇവിടെ വേഗനിയന്ത്രണ സംവിധനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. അപകടങ്ങൾ ഉണ്ടാകുമ്പോൾ പരിശോധനകൾ നടത്തുന്നതല്ലാതെ തുടർനടപടികൾ എടുക്കുന്നില്ല.