
പാലാ: ഡൽഹി രോഹിണിയിലെ അയ്യപ്പക്ഷേത്രത്തിൽ ശനിയാഴ്‌ച പുലർച്ചെ കാവിമുണ്ടും ടീ ഷർട്ടും ധരിച്ച മൂന്ന് ഭക്തരെത്തി. തുടർന്ന് വഴിപാട് ചീട്ടെഴുതാനിരുന്ന ആളിനടുത്ത് ചെന്ന് പറഞ്ഞു - 'ഒരു ഗണപതിഹോമം, പേര് രഞ്ജിത്ത്, നാള് പുണർതം, പാലാ പൊലീസ് സ്റ്റേഷൻ''. കേട്ടപാതി രസീത് എഴുതാനിരുന്നയാൾ ചാടിയെഴുന്നേറ്റു. 'പാലാ പൊലീസിൽ നിന്നാണല്ലേ... എന്നെത്തേടി വന്നതാണെന്നറിയാം, ഞാൻ തന്നെയാണ് മോഹൻദാസ്". പറഞ്ഞുതീർന്നതും അടുത്തുനിന്ന രണ്ടു 'ഭക്തർ" ഇയാളെ പിടികൂടിയതും ഒരുമിച്ചായിരുന്നു.
തങ്ങൾ പാലായിൽ നിന്ന് വന്ന പൊലീസുകാരാണെന്നും മോഹൻദാസ് കോടികൾ തട്ടി മുങ്ങിയ പ്രതിയാണെന്നും വിശദീകരിച്ചു. എട്ടു വർഷമായി തങ്ങളുടെ അക്കൗണ്ടന്റായ മോഹനേട്ടൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതോടെ മേൽശാന്തിയുൾപ്പെടെയുള്ളവർ ഞെട്ടി.
പാലാ സ്റ്റേഷനിലെ ക്രൈം സ്‌ക്വാഡിലുള്ള എ.എസ്.ഐ ബിജു കെ. തോമസ്, സീനിയർ സി.പി.ഒ ഷെറിൻ സ്റ്റീഫൻ, സി.പി.ഒ സി. രഞ്ജിത്ത് എന്നിവരാണ് ഭക്തരുടെ വേഷത്തിൽ ക്ഷേത്രത്തിലെത്തിയത്. 14 വർഷം മുമ്പ് ചിട്ടിക്കമ്പനി നടത്തി അഞ്ച് കോടി രൂപയാണ് മോഹൻദാസ് തട്ടിച്ചത്. എൽ.ഐ.സി ഏജന്റ് എന്ന നിലയിൽ ബന്ധങ്ങളും ഇതിനുപയോഗിച്ചു.
പെട്ടി തൂക്കി എത്തിയിരുന്ന ഇയാളെ നാട്ടുകാർ 'പെട്ടി മോഹൻദാസ്" എന്നാണ് വിളിച്ചിരുന്നത്. പണം നഷ്ടപ്പെട്ട 15 പേർ നൽകിയ പരാതിയിൽ അറസ്റ്റിലായ ഇയാൾ ജാമ്യം ലഭിച്ചതോടെ സകുടുംബം മുങ്ങുകയായിരുന്നു.
പിറവം സ്വദേശി എന്ന് പറഞ്ഞാണ് ഡൽഹിയിലെ അയ്യപ്പക്ഷേത്രത്തിൽ ജോലി നേടിയത്.
അന്വേഷണസംഘങ്ങൾ പലത് രൂപീകരിച്ചെങ്കിലും നാടുമായി ബന്ധമില്ലാതിരുന്നതിനാൽ പിടികൂടാൻ സാധിച്ചിരുന്നില്ല. അടുത്തിടെ ഡിവൈ.എസ്.പി ഷാജു ജോസിന് ലഭിച്ച രഹസ്യ വിവരമാണ് മോഹൻദാസിന്റെ അറസ്റ്റിലെത്തിയത്. ഇയാളുടെ ഭാര്യയും മക്കളും പൊള്ളാച്ചിയിലാണ്.