
കോട്ടയം: ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കാൻ നടത്തിയ അധാർമ്മിക നീക്കത്തിൽ കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാനും നിയമസഭാ പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പ്രതിഷേധിച്ചു. ലോകായുക്ത എന്ന നിയമ സംവിധാനത്തിന്റെ പ്രസക്തിയും നിർണായക അധികാരങ്ങളും ഇല്ലാതാക്കുന്ന പിണറായി സർക്കാരിന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ് വ്യക്തമാക്കുന്നത്. എൽ.ഡി.എഫ് മന്ത്രിസഭയിലുള്ളവർക്കെതിരെ ലോകായുക്തയിൽ നിയമനടപടികൾ നിലനിൽക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ ലോകായുക്തയെ തന്നെ ഇല്ലാതാക്കുന്ന സർക്കാർ നടപടി അധികാര ദുർവിനിയോഗത്തിന്റെ പ്രകടമായ നീക്കമാണ്. ലോകായുക്തയെ നോക്കുകുത്തിയാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.