
കോട്ടയം: '' ചേച്ചീ, ഭർത്താവ് അറിയാതെ ഞാൻ 10 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടാക്കി. സഹായിക്കണം''- തലശേരി സ്വദേശിനി ഈ ആവശ്യവുമായി എത്തിയത് ക്രിസ്മസ്, പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി നേടിയ അയ്മനം ഓളിപ്പറമ്പിൽ സദാനന്ദന്റെ
ഭാര്യ രാജമ്മയുടെ മുന്നിൽ. വീട് തേടിപ്പിടിച്ച് അതിരാവിലെ എത്തുകയായിരുന്നു തലശേരി സ്വദേശിനി. ഇത്തരത്തിൽ സഹായം ചോദിച്ച് വരുന്നവർ നിരവധി. സഹായം അഭ്യർത്ഥിച്ചുള്ള കത്തുകൾക്കും കുറവില്ല.15 ലക്ഷം രൂപ ആവശ്യപ്പെട്ടുവരെ കത്ത് ലഭിച്ചു.
ഇതുവരെ ലഭിച്ച കത്തുകൾ വലിയൊരു അടുക്കായി. ഭാഗ്യദേവത കടാക്ഷിച്ചതിൽ പിന്നെ സദാനന്ദന്റെ വീട്ടിലേക്ക് ദിവസവും പോസ്റ്റുമാൻ എത്തും. കുറഞ്ഞത് മൂന്ന് കത്തെങ്കിലും ഉണ്ടാകും. പല നാട്ടിൽ നിന്നും യാതൊരു പരിചയവുമില്ലാത്തവരാണ് സഹായം ചോദിക്കുന്നത്. ചികിത്സാസഹായം, വിവാഹ ധനസഹായം, വീട് നിർമ്മാണം, സ്ഥലം വാങ്ങി നൽകൽ അങ്ങനെ ആവശ്യങ്ങൾ നീളുന്നു. വടക്കൻ ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ കത്തുകളെന്ന് രാജമ്മ പറയുന്നു.
'അർഹരായവരെ
സഹായിക്കണം'
ബമ്പറടിച്ചെങ്കിലും തന്റെ പെയിന്റിംഗ് ജോലി മുടക്കിയിട്ടില്ല സദാനന്ദൻ. എന്നും ജോലിക്ക് പോകും. പണി ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് സദാനന്ദൻ പറയുന്നു. സഹായത്തിന് അർഹതപ്പെട്ട നാട്ടുകാരായ കുറച്ച് രോഗികളെയും വേറെ ചിലരെയും തിരഞ്ഞെടുത്തിട്ടുണ്ട്. എനിക്ക് കിട്ടിയ നന്മയുടെ ഒരുഭാഗം എന്റെ നാട്ടുകാർ അനുഭവിക്കട്ടെ-സദാനന്ദൻ പറയുന്നു.