covid

കോട്ടയം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ 404 ആരോഗ്യപ്രവർത്തകരെ താത്കാലികമായി നിയമിക്കാൻ അവലോകന യോഗം തീരുമാനിച്ചു. ആരോഗ്യപ്രവർത്തകർക്ക് കൂടുതലായി കൊവിഡ് ബാധിച്ച സാഹചര്യത്തിലുണ്ടായ ജീവനക്കാരുടെ കുറവ് പരിഹരിക്കാനാണ് നടപടി. ഡോക്ടർമാർ, നഴ്‌സുമാർ, ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ ദേശീയ ആരോഗ്യ ദൗത്യം വഴിയാണ് നിയോഗിക്കുക. മാർച്ച് 31 വരെ ഇവരെ നിയോഗിക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനായി ജാഗ്രതാ സമിതികളും ദ്രുതകർമ്മസംഘവും ഫലപ്രദമായി ഇടപെടണം. തദ്ദേശ സ്ഥാപനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കണമെന്നും കോർകമ്മിറ്റി വിളിച്ചുകൂട്ടി പ്രതിരോധപ്രവർത്തനങ്ങളിൽ ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

മറ്റ് തീരുമാനങ്ങൾ
കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം നൽകും

 കുടുംബാംഗങ്ങൾക്ക് മുഴുവൻ കൊവിഡ് ബാധിച്ചാൽ ഭക്ഷണം എത്തിക്കണം

ആവശ്യമെങ്കിൽ സമൂഹ അടുക്കളകൾ ആരംഭിക്കണം

സി.എഫ്.എൽ.ടി.സിയോ ഡൊമിസിലിയറി കെയർ സെന്ററോ തുറക്കണം

'' സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ഫണ്ട് ലഭ്യമാക്കും. വരുന്ന രണ്ടാഴ്ച ജാഗ്രത പുലർത്തണം. മാസ്‌ക് ധരിക്കൽ, സാനിറ്റെസർ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി പാലിക്കണം

മന്ത്രി വി.എൻ.വാസവൻ