ചങ്ങനാശേരി: കുറിച്ചി, ഇത്തിത്താനം, തുരുത്തി പ്രദേശങ്ങളിൽ വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും പതിവായി. ഒന്ന് കാറ്ര് വീശിയാൽ വൈദ്യുതി മുടങ്ങും എന്നതാണ് അവസ്ഥ. ഫീഡർ തകരാറ്, ട്രാൻസ്‌ഫോർമർ തകരാർ തുടങ്ങിയ പ്രശ്‌നങ്ങൾ അധികൃതർ പറയാറുണ്ടെങ്കിലും ഇവ അടിയന്തരമായി പരിഹരിക്കാൻ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അടിക്കടി വൈദ്യുതി തടസപ്പെടുന്നത് കച്ചവടക്കാർക്ക് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുന്നതായും പരാതിയുണ്ട്. റബർ ഫാക്ടറികൾ, പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ള നിരവധി കമ്പനികൾ, തടി മില്ലുകൾ, ബേക്കറികൾ തുടങ്ങിയവയ്ക്കാണ് ഏറെ നഷ്ടം.
സബ്‌സ്റ്റേഷൻ വേണം
കുറിച്ചി സെക്ഷന്റെ പരിധിയിൽ സബ് സ്റ്റേഷൻ ഇല്ലാത്തതാണ് വൈദ്യുതി ക്ഷാമത്തിനും അടിക്കടിയുള്ള വൈദ്യുതി തടസത്തിനും കാരണം.സചിവോത്തമപുരം നാഷണൽ ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, ഹോമിയോ മെഡിക്കൽ കോളേജ് എന്നിവ ഉൾപ്പെടെ നിരവധി സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളും, വ്യവസായ സ്ഥാപനങ്ങളും 20000 ൽ പരം ഉപഭോക്താക്കളും ഈ സെക്ഷന് കീഴിലുണ്ട്. ചെത്തിപ്പുഴ, ചങ്ങനാശേരി, തെങ്ങണ സെക്ഷനുകളിലുള്ള സബ് സ്റ്റേഷനുകളിൽ നിന്നാണ് കുറിച്ചിയിലേക്ക് വൈദ്യുതി എത്തിക്കുന്നത്. അടിയന്തിരമായി സബ് സ്റ്റേഷൻ സ്ഥാപിച്ച് കുറിച്ചിയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്ന് പഞ്ചായത്തംഗം ബിജു എസ്.മേനോൻ, അജിത്ത് ശിവദാസ്, കിരൺ വി ആർ, ബിനോയ് വർഗ്ഗീസ് എന്നിവർ ആവശ്യപ്പെട്ടു.