theater

കോട്ടയം: കൊവിഡിന്റെ നഷ്ടക്കണക്കിൽ നിന്ന് തിരിച്ചുകയറുന്നതിനിടെ ജില്ലയിലെ തിയേറ്ററുകൾക്കുള്ള സർക്കാർ നിയന്ത്രണം വീണ്ടും തിരിച്ചടിയായി. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം' തിയേറ്ററുകളെ സമ്പന്നമാക്കുമ്പോഴാണ് സി കാറ്റഗറിയിലെത്തിയതിനെ തുടർന്ന് അടച്ചിടേണ്ടി വന്നത്.

മാസങ്ങൾ നീണ്ട അടച്ചിടലിന് ശേഷം ഒക്ടോബർ 25നാണ് തിയേറ്ററുകൾ തുറന്നത്. മൂന്നുമാസത്തോളം മാത്രമാണ് പ്രദർശനം തുടരാനായത്. അതും പാതി സീറ്റുകളിൽ മാത്രം. കൊവിഡ് വ്യാപനം രൂക്ഷമായിട്ടുപോലും കഴിഞ്ഞ ദിവസങ്ങളിൽ 'ഹൃദയം' എന്ന ചിത്രത്തിന് തിരക്ക് കാരണം കൂടുതൽ 'ഷോ'കൾ നടത്തേണ്ടതായി വന്നു. 2020ൽ കൊവിഡ് വ്യാപനം തുടങ്ങിയതോടെ ആദ്യം താഴുവീണത് തിയേറ്ററുകൾക്കായിരുന്നു. പിന്നീട്, 10 മാസത്തിനു ശേഷം പകുതി സീറ്റുകളിൽ മാത്രം ആളുകൾ എന്ന നിയന്ത്രണത്തോടെ 2021 ജനുവരി 13 ന് തുറന്നെങ്കിലും വീണ്ടും ഏപ്രിൽ പകുതിക്ക് ശേഷം അടയ്‌ക്കേണ്ടി വന്നിരുന്നു.

' ജില്ലയിലെ സിനിമ തിയേറ്ററുകൾക്കു വീണ്ടും ലോക്ക് വീണതോടെ കടുത്ത നിരാശയിലാണ്. തിയേറ്ററുകൾ അടച്ചിടേണ്ടി വരുന്നത് ഉടമകൾക്കും ജീവനക്കാർക്കുമെല്ലാം ഒരുപോലെ തിരിച്ചടിയാണ് . മേപ്പടിയാൻ, പുഷ്പ സിനിമകളുടെ പ്രദർശനം നടക്കുന്നതിനിടെയാണ് തിയേറ്ററുകൾ അടച്ചിട്ടത്.'

- നാരായണൻ, ചന്തക്കടവ്