കുമരകം : ജെട്ടി തോട്ടിൽ പോള ചീഞ്ഞ് അഴുകി വെള്ളം മലിനമായത് ടൂറിസത്തെയും ജനജീവിതത്തെയും ദുരിതത്തിലാക്കി.ദുർഗന്ധം വമിച്ച് കറപ്പു നിറത്തിൽ കിടക്കുന്ന തോടിനരികിലേക്ക് എത്താൻ പോലും അറയ്ക്കുന്ന അവസ്ഥയാണിപ്പോൾ. കായൽ യാത്രക്ക് ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾ മൂക്കു പൊത്തിയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ജലഗതാഗത വകുപ്പിന്റെ ബോട്ട് തകരാറിലായതിനെ തുടർന്ന് വെള്ളത്തിലിറങ്ങിയ ജീവനക്കാർക്ക് ദേഹം ചെറിഞ്ഞ് തടിച്ചിരുന്നു. ചന്തത്തോട് ഉൾപ്പെ ടെയുള്ള തോടുകളിലും സ്ഥിതി വിഭന്നമല്ല. തൊഴിലുറപ്പു തൊഴിലാളികളെക്കൊണ്ട് തോട്ടിലെ പോള നീക്കിയതോടെ ഏതാനും ദിവസങ്ങളിൽ പോള ശല്യം തോട്ടിൽ ഇല്ലായിരുന്നു എന്നാൽ പടിഞ്ഞാറൻ കാറ്റിൽ കായലിൽ നിന്നു തോട്ടിലേക്ക് പോള വീണ്ടും കയറിക്കൊണ്ടിരിക്കുകയാണ്.
@വേലി തകർന്നു
കഴിഞ്ഞ വർഷം പോള കയറാതിരിക്കാൻ കായൽ മുഖത്ത് സ്ഥാപിച്ച വേലി തകർന്നു . തണ്ണീർമുക്കം ബണ്ട് അടഞ്ഞുകിടക്കുന്നതിനാൽ നീരൊഴുക്കില്ലാത്ത സാഹചര്യത്തിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ജല മലിനീകരണം ഇതിലും രൂക്ഷമാകും എന്ന ആശങ്കയിലാണ് നാട്ടുകാർ. പോളയും തോട്ടിനടിയിൽ ചീഞ്ഞടിഞ്ഞു കിടക്കുന്ന അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനൊപ്പം പോള തോട്ടിലേക്ക് വീണ്ടും എത്താതിരിക്കാൻ നടപടി ഉടൻ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.