തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചത് വിനയായി

കുമരകം :തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചതിനെത്തുടർന്ന് കായലിന്റെ തെക്കൻ പ്രദേശങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞതായി മത്സ്യതൊഴിലാളികൾ. രണ്ടുമാസം മുൻപ് കിഴക്കൻ വെള്ളത്തിന്റെ വരവ് ക്രമാതീതമായി കൂടുകയും പതിവിലും കൂടുതൽ മഴ പെയ്യുകയും വേമ്പനാട്ട് കായലിലെ ജലനിരപ്പ് വർദ്ധിക്കുകയും ചെയ്തു. തുടർന്ന് ബണ്ടിന്റെ ഷട്ടറുകൾ ഇത്തവണ പതിവിലും നേരത്തേ അടച്ചു. കുട്ടനാട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടറുകൾ തുറന്നുവയ്ക്കുകയും അടയ്ക്കുകയും ചെയ്തത് മത്സ്യതൊഴിലാളികൾക്ക് തിരിച്ചടിയായി.വൃശ്ചിക വേലിയേറ്റ സമയത്ത് കടലിൽനിന്നും കായലിലേയ്ക്ക് ഒഴുകി വരുന്ന വിവിധതരം മത്സ്യങ്ങൾ ഇത്തവണ ബണ്ടിൻെറ തെക്കൻ പ്രദേശങ്ങളിൽ കിട്ടാതായി. നാരൻ, ചൂടൻ, കാര തുടങ്ങിയ ചെമ്മീൻ ഇനങ്ങളും ഞണ്ട് വർഗങ്ങളും കണമ്പ്, പൂമീൻ, വറ്റ, തെരണ്ടി, കൊമ്പൻ സ്രാവ് അടക്കമുള്ള മത്സ്യങ്ങൾ ബണ്ടിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നില്ല. ഉപ്പുവെള്ളം കയറുന്നതിനു മുൻപ് ഷട്ടർ അടയ്ക്കുന്നത് മൂലം മത്സ്യങ്ങൾക്കും കക്കയ്ക്കും പ്രജനനം നടത്താൻ അവസരം ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഓരുവെള്ള പ്രവാഹത്തെതുടർന്ന് തണ്ണീർമുക്കം ബണ്ട് സ്ഥിരമായി അടയ്ക്കാൻ തുടങ്ങിയതോടെ 400 ടൺ ആറ്റ് കൊഞ്ചിന്റെ കുറവുണ്ടായതായി വിദഗ്ദ്ധസംഘം ചൂണ്ടിക്കാട്ടിയിരുന്നു.

നാട്ടുമത്സ്യങ്ങൾ അപ്രത്യക്ഷം

വൈക്കം: നാട്ടുതോടുകളിലും ഇടയാറുകളിലും പാടശേഖരങ്ങളുമായി ബന്ധപ്പെട്ട നീർച്ചാലുകളിലും കുളങ്ങളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഉൾനാടൻ മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി. ഉൾപ്രദേശങ്ങളിലെ തോടുകളിൽ പലതും നികന്നതും ജലാശയങ്ങളിലെ മലിനീകരണവും മത്സ്യങ്ങളുടെ ലഭ്യതകുറവിനു പ്രധാന കാരണമായി. ചെമ്പല്ലി, കാരി , മുഷി തുടങ്ങിയ മത്സ്യങ്ങൾ ഇപ്പോൾ നാമമാത്രമായാണ് ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.