മുണ്ടക്കയം: ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ കൂടി മുണ്ടക്കയം പൊലീസ് പിടികൂടി. ചിറ്റടി ഐലുമാലിയിൽ ലിജു ചാക്കോ (38), മുണ്ടക്കയം 31 മൈൽ കണ്ണംകുളം ജിബിൻ കെ.ബേബി (32) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. കഴിഞ്ഞ 14 നും 19 നും ഇടയിലായിരുന്നു സംഭവം. മുണ്ടക്കയം ഇഞ്ചിയാനിയിൽ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് 150 കിലോയോളം ഒട്ടുപാൽ മോഷ്ടിക്കുകയായിരുന്നു. ഇഞ്ചിയാനി സ്വദേശി തേക്കനാട് ആൽബിന്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ഓട്ടോഡ്രൈവറായ ഇഞ്ചിയാനി അടക്കാ തോട്ടത്തിൽ രാജനെ (63) നെ മുണ്ടക്കയം പൊലീസ് നേരത്തെ പിടികൂടിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.