ചങ്ങനാശ്ശേരി: ഓർമ്മകൾ ഉണരുന്ന എസ്.ബിയുടെ നടുമുറ്റത്ത് ഇനി പ്രേം നസീറുണ്ടാകും. 35 കിലോമീറ്ററോളം നീളമുള്ള നൈലോൽ നൂലിൽ നിർമ്മിച്ച പ്രേം നസീറിന്റെ ത്രെഡ് ആർട്ട് ചലച്ചിത്ര നടനും നിർമ്മാതാവുമായ പ്രേം പ്രകാശും ചലച്ചിത്രതാരം കൃഷ്ണപ്രസാദും ചേർന്ന് ഔദ്യോഗികമായി പ്രകാശിപ്പിച്ചു. മനോജ് കൊടുങ്ങല്ലൂരാണ് ഇൻസ്റ്റലേഷൻ നിർമ്മിച്ചത്. നൈലോൺ നൂലും വെള്ളപോളിത്തീൻ ഷീറ്റും നൂല് മണ്ണിൽ ഉറപ്പിക്കുന്ന ഏതാനും കമ്പികളും മാത്രമാണ് നിർമ്മാണ സാമഗ്രികൾ . നിലത്തുനിന്നു നോക്കിയാൽ നൂലിഴകളുടെ നെയ്ത്ത് മാത്രമേ കാണാൻ സാധിക്കു മുകളിൽ നിന്നു താഴക്കുനോക്കിയാൽ മാത്രമേ മലയാളത്തിന്റെ നിത്യഹരിതവസന്തം ദ്യശ്യമാകൂ. സന്ദർശകർക്കും വിദ്യാർത്ഥികൾക്കും മുകളിൽനിന്നു വീക്ഷിക്കുവാൻ വ്യൂ പോയിന്റ് ഒരുക്കിയിട്ടുണ്ട്. നസീറിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എസ്.ബി യിലെ പഠന കാലം. അബ്ദുൾ ഖാദറന്ന ഇന്റർമീഡിയറ്റുകാരനെ പ്രം നസീറാക്കിയതിനു പിന്നിൽ എസ്.ബിയും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.