mla-visit

അടിമാലി: കൊച്ചി -ധനുഷ്‌ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ പാതയുടെ വിസ്താരക്കുറവ് മൂലം അപകട ഭീഷണി ഉയർത്തുന്ന ഇടങ്ങളിൽ അഡ്വ. എ രാജ എംഎൽഎ സന്ദർശനം നടത്തി.അപകട ഭീഷണി ഉയർത്തുന്ന ഇടങ്ങളിലെ സ്ഥിതി വിലയിരുത്തുന്നതിനായാണ് എംഎൽഎ വാളറ, ചീയപ്പാറ തുടങ്ങിയ ഇടങ്ങളിൽ എത്തിയത്.ദിവസങ്ങൾക്ക് മുമ്പ് വാളറ വെള്ളച്ചാട്ടത്തിന് സമീപം ടോറസ് ലോറി അപകടത്തിൽപ്പെട്ട സ്ഥലവും ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ചരക്ക് ലോറി അപകടത്തിൽപ്പെട്ട സ്ഥലവും എം.എൽ.എ സന്ദർശിച്ചു.പാതയിൽ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ദേശീയപാത വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.ഇടുങ്ങിയ ഭാഗങ്ങളിൽ ദേശിയപാതവികസനം സാധ്ദ്ധ്യമാക്കുന്നതിന് വേണ്ട തുടർനടപടികൾ ഉണ്ടാകുമെന്ന് എംഎൽഎ പറഞ്ഞു.ചീയപ്പാറക്ക് സമീപം പാതയോരമിടിഞ്ഞിരിക്കുന്ന ഭാഗത്ത് അപകട സാധ്യത കൂടുതലുണ്ട്.അടിയന്തിര ഇടപെടലെന്നോണം വാഹനമോടിക്കുന്നവർക്ക് അപകടമുന്നറിയിപ്പ് നൽകുവാൻ പാതയിൽ റിഫ്‌ളക്ടറുകളും മുന്നറിയിപ്പ് ബോഡുകളും സ്ഥാപിക്കും.തുടർന്ന് ഇടിഞ്ഞിരിക്കുന്ന ഭാഗത്ത് സംരക്ഷണ ഭിത്തി തീർത്ത് ഗതാഗതം സുഗമമാക്കും.വീതി കുറവ് മൂലം അപകട സാദ്ധ്യത നിലനിൽക്കുന്ന ഇടങ്ങളിൽ പാതയുടെ ഒരുവശത്ത് നിന്ന് മണ്ണ് നീക്കി റോഡ് വികസനം സാധ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും എംഎൽഎ വ്യക്തമാക്കി.