പാലാ: ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റിക്കാർക്ക് എന്താ പണി...? പാവപ്പെട്ട രോഗികളെയും കൂട്ടിരിപ്പുകാരെയും പേടിപ്പിക്കുന്നതും ''പൊലീസ്'' ചമയുന്നതുമല്ലാതെ ഇവരെന്തെങ്കിലും സേവനം ഈ ആശുപത്രിക്കോ ഇവിടെയെത്തുന്ന രോഗികളെ സഹായിക്കാനോ ചെയ്യുന്നുണ്ടോ...? ഇക്കാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ട്, അമർഷവും. കഴിഞ്ഞദിവസം പാലാ ജനറൽ ആശുപത്രിയുടെ മൂന്നാം നിലയിൽ പുരുഷൻമാരുടെ വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ഒരു വയോധികൻ പുലർച്ചെ 2 മണിയോടെ ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോയി. കവാടത്തിൽ ഡ്യൂട്ടിയിലുള്ള സെക്യൂരിറ്റി ജീവനക്കാർ ഇത് ''കണ്ടതേയില്ല''!

ഒടുവിൽ ആ വയോധികനൊപ്പം ഉണ്ടായിരുന്ന വയോധികയായ വീട്ടമ്മ തുടരെ പരാതിപ്പെട്ടിട്ടും ഒന്നന്വേഷിക്കാൻ പോലും തയാറായില്ല. ജനറൽ ആശുപത്രിയുടെ ചുമതലയുള്ള പാലാ നഗരസഭ അധികാരികളും വിഷയത്തിൽ മൗനത്തിലാണ്. ജനറൽ ആശുപത്രിയിൽ 6 സെക്യൂറ്റി ജീവനക്കാരാണ് ഉള്ളത്. ആറുപേർക്കുമായി നഗരസഭയുടെ ഖജനാവിൽ നിന്നും മാസം തോറും ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നത്. സെക്യൂരിറ്രികാരുടെ പെരുമാറ്റം സംബന്ധിച്ച് രോഗികൾക്കിടയിൽ വ്യാപക പരാതിയുണ്ട്. രോഗികളെയോ ആശുപത്രിയിലെ ജീവനക്കാരെയോ സഹായിക്കുന്ന ഒരു നടപടിയും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നാണാക്ഷേപം. ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരു രോഗിയെ അവിടെനിന്നും കാണാതായിട്ടും രേഖാമൂലം പരാതി കൊടുക്കാൻ പോലും ആശുപത്രി അധികാരികൾക്കായില്ല. ഒടുവിൽ വിവരം അറിഞ്ഞ പാലാ എസ്.ഐ. എം.ഡി അഭിലാഷ് രോഗിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.കാണാതായ രോഗിയെ പിന്നീട് തൊടുപുഴയിൽ നിന്ന് കണ്ടെത്തി.

കാര്യക്ഷമമാക്കണം

പാലാ: ജനറൽ ആശുപത്രിയിൽ നിലവിലെ സെക്യൂരിറ്റി സംവിധാനം തികഞ്ഞ പരാജയമാണെന്ന് ബോധ്യപ്പെട്ടതായും എത്രയും വേഗം കാര്യക്ഷമമാക്കണമെന്നും നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ. സതീശ് ചൊളളാനി ആവശ്യപ്പെട്ടു. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.