കോട്ടയം: ഒരു കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളായ രണ്ടു പേർ പിടിയിൽ. അസം ദിബ്രുഗഡ് പരമ്പത്തൂർ ധ്വാനിയ പ്രങ്കജ് ബറുവാ(32), അരുണാചൽ പ്രദേശ് ചോക്ക്ഹാം നപ്തിയ സെമന്ത് ദാസ് (24) എന്നിവരെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.സൂരജും സംഘവും ചേർന്ന് കൊല്ലാട് നിന്നും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 1.100 കിലോ കഞ്ചാവും പിടിച്ചെടുത്തു. കടുവാക്കുളം കൊല്ലാട് പ്രദേശം കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നു എക്‌സൈസ് സംഘം ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു. എറണാകുളത്തു നിന്നും അന്യസംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി എത്തുന്നതായി എക്‌സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസിനു ലഭിച്ച രഹസ്യവിവരം ലഭിച്ചിരുന്നു. പരിശോധനകൾക്ക് പ്രിവന്റീവ് ഓഫിസർമാരായ കെ.രാജീവ്, പി.ലെനിൻ, പി.എസ് ശ്രീകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ജിയാസ്‌മോൻ, വിശാഖ്, ആന്റണി സേവ്യർ, ഡ്രൈവർ കെ.കെ അനിൽ എന്നിവർ നേതൃത്വം നൽകി.