
കോട്ടയം : കൊവിഡ് കാലത്തും നമ്മുടെ കുഞ്ഞുമക്കൾ സുരക്ഷിതരല്ലെന്ന് തെളിയിക്കുകയാണ് വർദ്ധിച്ചുവരുന്ന പോക്സോ കേസുകൾ. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള നിയമങ്ങളൊന്നും ഫലപ്രദമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അഞ്ച് വർഷത്തിനിടെ ജില്ലയിൽ പോക്‌സോ കേസുകൾ നാലിരിട്ടിയിലേറെ വർദ്ധിച്ചു. കൊവിഡ് കാലത്ത് സമൂഹമാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ടവരാണ് പെൺകുട്ടികളെ ഏറ്റവും കൂടുതൽ ചൂഷണത്തിന് വിധേയമാക്കിയത്. 2016 ൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 112 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ കഴിഞ്ഞ വർഷം നവംബർ വരെ മാത്രം 142 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എരുമേലി, മുണ്ടക്കയം, പാലാ, ഈരാറ്റുപേട്ട, വൈക്കം, കുമരകം, കടുത്തുരുത്തി, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് ഏറ്റവും അധികം കേസുകൾ. സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തിൽ 2013 ൽ കോട്ടയം 11ാം സ്ഥാനത്തായിരുന്നെങ്കിൽ 2021ൽ ഒമ്പതാം സ്ഥാനത്താണ്.
കണക്കിങ്ങനെ
2016 : 112
2017 : 145
2018 : 157
 2019: 194
2020: 134
2021 (നവംബർവരെ): 142
വില്ലൻ മൊബൈൽ ഫോണും
റിപ്പോർട്ട് ചെയ്യുന്ന പോക്സോ കേസുകളിൽ എൺപത് ശതമാനത്തിന് മുകളിലും മൊബൈൽ ഫോണാണ് വില്ലൻ. പത്ത്, ഹയർസെക്കൻഡറി വിദ്യാർത്ഥികളാണ് കൂടുതലും ചൂഷണത്തിനിരയായത്. ഓൺലൈൻ ക്ളാസുകൾക്കായി വാങ്ങിയ ഫോൺ കുട്ടികൾ ദുരുപയോഗം ചെയ്തത് രക്ഷിതാക്കളും അറിഞ്ഞില്ല. ഫേസ് ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം സൗഹൃദങ്ങളാണ് ഒരു വിഭാഗം ദുരുപയോഗം ചെയ്യുന്നത്.
രക്ഷിതാക്കൾ കുട്ടികളുടെ ഫോൺ കർശനമായി പരിശോധിക്കണം. അവർ എന്തൊക്കെയാണ് ആപ്ളിക്കേഷനാണ് ഉപയോഗിക്കുന്നതെന്നും സൗഹൃദം ആരൊടൊക്കെയാണെന്നും നിരീക്ഷിക്കണം
എം.ജെ.അരുൺ, സൈബർസെൽ സി.ഐ