മണർകാട് : മണർകാട് ഐരാറ്റുനട ദേശീയപാത റോഡരികിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു. മാലിന്യം നിക്ഷേപം റോഡരികിൽ പതിവാകുന്നതിനെ തുടർന്ന് റോഡരികിലെ കാട് തെളിച്ച് റോഡിനു മണ്ണിട്ട് നികത്തി വൃത്തിയാക്കിയിരുന്നു. മാലിന്യശേഖരണത്തിന്റെ ഭാഗമായി റോഡരികിൽ മിനി എം.സി.എഫും സ്ഥാപിച്ചു. ഇതോടെ ഇതിന് മുന്നിൽ മാലിന്യം നിക്ഷേപിക്കുകയാണ്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഇത് നീക്കം ചെയ്തെങ്കിലും വീണ്ടും മാലിന്യം കുന്നുകൂടുകയാണ്. റോഡിനിരുവശവും കാട് നിറഞ്ഞ് കിടക്കുന്നതിനാൽ, മാലിന്യങ്ങൾ വാഹനങ്ങളിൽ എത്തുന്നവർ വലിച്ചെറിയുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കവറുകൾ, പേപ്പറുകൾ, ഭക്ഷണാവിശഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങളാണ് അലക്ഷ്യമായി വലിച്ചെറിയുന്നത്.

തെരുവ് നായ ശല്യം രൂക്ഷം

രാത്രികാലങ്ങളിൽ മാലിന്യം ഭക്ഷിക്കാനായി നിരവധി തെരുവ് നായകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. റോഡിന് ഇരുവശത്തും പാടശേഖരമായതിനാൽ, ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വഴി വിളക്കുകൾ ഇല്ലാത്തതും മാലിന്യം നിക്ഷേപത്തിന് സഹായകമാകുന്നു. വാഹനങ്ങളിൽ എത്തുന്നവർ കവറുകളിലാക്കിയ മാലിന്യങ്ങൾ വലിച്ചെറിയുകയാണ് ചെയ്യുന്നത്. അസഹ്യമായ ദുർഗന്ധമാണ് വമിക്കുന്നത്. നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.